വയനാട്: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി ചീരാലിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാത്തതില്‍ പരിഭ്രാന്തരായി ജനങ്ങള്‍. രണ്ട് ദിവസമായി കടുവ ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്ന കടുവ നാട്ടുകാരില്‍ ഒരാളെ ആക്രമിക്കാനും തുനിഞ്ഞു. ഇതേ തുടര്‍ന്ന് പശുവിന്‍റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 വെള്ളിയാഴ്ച രാവിലെയാണ് കഴമ്പിലെ ആത്താര്‍ രാമകൃഷ്ണന്‍റെ വീട്ടിലെത്തിയ കടുവ പശുവിനെ കൊന്നുതിന്നത്. നാട്ടുകാരനായ ധനേഷിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. ഇയാള്‍ വീണ് പരിക്കേറ്റു. കഴിഞ്ഞ ദിവസം ചീരാല്‍ മോഡല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ കെണി വച്ചെങ്കിലും കടുവയെ പിന്നീട് കണ്ടത് മൂന്ന് കിലോമീറ്റര്‍ അകലെയാണ്.

വനം വകുപ്പും മയക്കുവെടി വിദഗ്ധരും കടുവയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയതതോടെയാണ് പശുവിന്‍റെ ജഡവുമായി നമ്പിക്കൊല്ലിയില്‍ നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചത്. ഇതേ സമയം വ്യാഴാഴ്ച കടുവ തിന്ന പോത്തിന്‍റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. വനം വകുപ്പും മറ്റും കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.