വയനാട്: വനത്തിനുള്ളിലെ ജലാശയങ്ങള്‍ വരണ്ട് തുടങ്ങിയതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു. അതിര്‍ത്തി വനങ്ങളിലെയും തോടുകള്‍ വറ്റി വരണ്ടതോടെ കര്‍ണാടക കാടുകളില്‍ നിന്ന് ആന, മാന്‍, കടുവ, കാട്ടുപോത്ത്, പന്നി അടക്കമുള്ളവ താരതമ്യേന പച്ചപ്പുള്ള വയനാടന്‍ കാടുകളിലേക്ക് ചേക്കേറി തുടങ്ങി. വയനാടന്‍ കാടുകള്‍ക്ക് സമീപപ്രദശങ്ങളിലെ പകൃതിദത്ത ജലസ്രോതസുകളും മറ്റും തേടിയാണ് മൃഗങ്ങള്‍ എത്തുന്നത്. വൈകുന്നേരം ആറിന് ശേഷം ആനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് വനാതിര്‍ത്തി പ്രദേശങങളില്‍ ജീവിക്കുന്നവരെ ഭീതിയിലാഴ്ത്തുകയാണ്.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂന്നാനക്കുഴി-ഇരുളം റോഡില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ സുവിശേഷ പ്രചാരകനായ 68 കാരന്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് വൈത്തിരി ടൗണിന് നൂറ് മീറ്റര്‍ മാത്രം അകലെ കാട്ടാനയെത്തിയത്. തിരുനെല്ലി പഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഇപ്പോഴും കാട്ടാന ശല്യത്തിന്റെ പിടിയിലാണ്. വേനല്‍ കനക്കുമ്പോള്‍ വന്യമൃഗ ശല്യം അതിരൂക്ഷമാകുമെന്നതാണ് ഇവിടുത്തെ സ്ഥിതി. 

ഇലക്ട്രിക് വേലിയും കിടങ്ങും സ്ഥാപിച്ച പ്രദേശങ്ങളില്‍ പോലും വേനലാവുമ്പോള്‍ ആനയും കുരങ്ങും പന്നിയും എത്തുന്നു. ഏത് സമയത്തും കടുവയുടെ ആക്രമണവും വയനാട്ടുകാര്‍ പ്രതീക്ഷിക്കണം. മുത്തങ്ങ കാടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കടുവകളില്‍ പലതിനെയും കാടുകളിലേക്ക് തിരികെ കയറ്റാന്‍ വനപാലകര്‍ക്ക് ആയിട്ടില്ല. അത് കൊണ്ട് തന്നെ ഇരുട്ട് പരക്കുന്നതോടെ ഭീതിയോടെയാണ് പലരും വീടണയുന്നത്. ഇലക്ട്രിക് വേലിക്ക് കാട്ടാനയെ തടയാനാകുമെങ്കിലും കുരങ്ങ് പോലെയുള്ളവ എന്നാലും കൃഷിയിടങ്ങളിലെത്തും. 

നാട്ടിലെ കിണറുകളും കുളങ്ങളും വറ്റുന്നതോടെ ഈ വേനലിലും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന് ജില്ല സാക്ഷ്യം വഹിക്കും. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന വേളയില്‍ ജനങ്ങളില്‍ നിന്ന് വനപാലകര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ആദ്യ പ്രതിഷേധം കഴിഞ്ഞ ദിവസം ഇരുളത്ത് അരങ്ങേറുകയും ചെയ്തു. അതേ സമയം പ്രതിഷേധം എത്ര കനത്താലും നഷ്ടപരിഹാരം നല്‍കല്‍ മാത്രമാണ് വനംവകുപ്പിനുള്ള ജോലി.