കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മ കൈക്കൊള്ളുന്ന നിലപാടിനെതിരെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. ആരെങ്കിലും ചൂണ്ടിക്കാട്ടിയതിന് ശേഷം മാത്രമേ ഇത്തരമൊരു വിഷയം ഇന്നത്തെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യൂ എന്നുള്ള നിലപാടിനെ സംഘടന രൂക്ഷമായി ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

ഇന്നത്തെ അമ്മ യോഗത്തില്‍ നടിക്കെതിരായ ആക്രമണം സംബന്ധിച്ച വിഷയങ്ങള്‍ ആരും ഉന്നയിച്ചില്ലെന്നും അതുകൊണ്ടുതന്നെ അത് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ഭാരവാഹികളായ ഇന്നസെന്റ്, മുകേശ്, കെ.ബി ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞത്. വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മൂന്ന് പ്രതിനിധികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട വിഷയം സംഘടന മുന്‍കൈയ്യെടുത്ത് അമ്മയുടെ യോഗത്തില്‍ ഉന്നയിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വനിതാ സംഘടന ഉന്നയിക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായി ഇതിനെ ചെറുതാക്കി കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറയുന്നു.

നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ വിമണ്‍ കളക്ടീവ് പരാതി നല്‍കിയെന്നും സംഘടന അറിയിച്ചു.