Asianet News MalayalamAsianet News Malayalam

ഭരണഘടനയില്‍ ഞങ്ങള്‍ ഇനിയും മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി

We are here to change the Constitution says BJP minister Anantkumar Hegde
Author
First Published Dec 26, 2017, 12:43 PM IST

ദില്ലി: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയുടെ പ്രസ്താവന വിവാദത്തില്‍. ഭരണഘടന ഭേദഗതി ചെയ്യാന്‍ സമയമായെന്നും രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നുമുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡ. ഇന്ത്യയില്‍ മതേതരവാദികള്‍ക്ക് പൂര്‍വ്വിക ബോധമില്ലെന്നും, സാമൂദായിക സ്വത്വത്തെ അംഗീകരിക്കാത്തവരാണ് മതേതരത്വം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണ്. ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. അവരാണ് യഥാര്‍ഥ മനുഷ്യര്‍ അത്തരക്കാരെയാണ് വിശ്വസിക്കേണ്ടത്. എന്നാല്‍ മതേതരവാദികളാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നും ഹെഗ്‌ഡേ പറഞ്ഞു. ബി ആര്‍ അംബേദ്കറുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചിരിക്കുന്നത്. ഭരണഘടനയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഭരണഘടനയില്‍ വരുത്തണമെന്നും ബി.ജെ. പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ചെയ്യാനായി നിലകൊള്ളുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

ഹെഗ്ഡയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുളള പ്രസ്താവനകളാണ് ഹെഗ്‌ഡേയുടേതെന്നും, ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. നമ്മുടെ ഭാഷയും സംസ്‌കാരവും നമുക്ക് അറിയാം, ഭരണഘടനയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കേന്ദ്ര മന്ത്രി വിഷം ചീറ്റുകയാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും കേന്ദ്ര മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 2016 മാര്‍ച്ചില്‍ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ മുസ്ലീംവിരുദ്ധ പരാമര്‍ശവും ടിപ്പു ജയന്തി ആഘോഷത്തിനെതിരെ നടത്തിയ പരാമര്‍ശവും വലിയ വിവാദമുണ്ടാക്കിയിരുന്നു. മുസ്ലീങ്ങള്‍ ഉള്ള കാലത്തോളം ലോകത്ത് ഭീകരവാദവും ഭീകരപ്രവര്‍ത്തനവുമുണ്ടാകുമെന്നായിരുന്നു ഹെഗ്‌ഡെ അന്ന് പറഞ്ഞത്.

Follow Us:
Download App:
  • android
  • ios