കോഴിക്കോട്: ഹർത്താലിൽ അക്രമങ്ങൾ വ്യാപകമായി അരങ്ങേറിയ മിഠായിത്തെരുവിലെ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവർത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്‍റെ വളപ്പിൽ സൂക്ഷിച്ചിരുന്നത്. 

വളപ്പിൽ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്പി പ്രവർത്തകരാണ്. 

കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ വ്യാപകമായ അക്രമമാണ് ബിജെപി ആർഎസ്എസ് ശബരിമല കർമസമിതി പ്രവർത്തകർ അഴിച്ചുവിട്ടത്. കടകൾ അടിച്ചു തകർക്കുകയും ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത പ്രവർത്തകർ മിഠായിത്തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു.