ദുബായ്: സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഖത്തറിനെ പിന്തുണയ്ക്കുന്നവരെയും കര്‍ശനമായി നേരിടുകയാണ്. സോഷ്യല്‍ മീഡിയ വഴി ഖത്തര്‍ അനുകൂല പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ പല അറബ് രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

അതിര്‍ത്തികള്‍ അടച്ച് നയതന്ത്ര ബന്ധങ്ങള്‍ പോലും വിച്ഛേദിച്ച അറബ് രാജ്യങ്ങള്‍ ഖത്തറിലേക്ക് വിമാന സര്‍വ്വീസുകള്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഖത്തര്‍ എയര്‍വേയ്സ് അടക്കം വിവിധ കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ടീമുകളുടെ ജഴ്‍സികള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കുമെല്ലാം മറ്റ് അറബ് രാജ്യങ്ങളില്‍ ഭീഷണിയുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന കുറ്റം ആരോപിച്ചാണ് ഖത്തറുമായുള്ള എല്ലാ ബന്ധവും ഈ രാജ്യങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖത്തറിനെ പിന്തുണയ്ക്കുന്നത് തീവ്രവാദത്തോടുള്ള പിന്തുണയായി കണക്കാക്കി ജയിലില്‍ അടയ്ക്കാനുള്ള നടപടിയെടുക്കും. 15 വര്‍ഷം വരെ ഇത്തരത്തില്‍ തടവ് ശിക്ഷ ലഭിക്കാന്‍ ഇത് കാരണമാവുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം വരെ ഖത്തര്‍ എയര്‍വേയ്സ് സ്പോണ്‍സര്‍ ചെയ്തിരുന്ന ബാഴ്‍സലോണ ടീമിന്റെ ജഴ്സിക്കാണ് ഏറ്റവും വലിയ ഭീഷണി. 2013 മുതല്‍ ഖത്തര്‍ എയര്‍‍വേയ്സും അതിന് മുമ്പ് 2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷനുമായിരുന്നു ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. ഖത്തര്‍ എന്ന് വലുതായി രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം ടീ ഷര്‍ട്ടുകള്‍ നിങ്ങളെ അറബ് രാജ്യങ്ങളില്‍ കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇവ ഒഴിവാക്കണമെന്നും വിദേശ മാധ്യമങ്ങള്‍ പറയുന്നു.