തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്ന ഉഷ്ണതരംഗ പ്രതിഭാസം മെയ് അഞ്ച് വരെ തുടരും. കോഴിക്കോട് പാലക്കാട് ജില്ലകളിലെ ഊഷ്‌മാവ് 40 ഡിഗ്രി സല്‍ഷ്യസിനു മുകളില്‍ എത്താന്‍ സാധ്യത. സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാള്‍ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പു നല്‍കി.

മദ്ധ്യ ഇന്ത്യയിലെ ഊഷാമാവിന്റെ വര്‍ദ്ധന, എല്‍നിനോ എന്നിവയാണ് ഉഷ്ണ തരംഗത്തിനു കാരണം. കടലില്‍ നിന്നും കരയിലേക്ക് വിശുന്ന ഉഷ്ണകാറ്റും ചൂട് വര്‍ദ്ധിക്കാന്‍ കാരണമായിടുണ്ട്. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലും ഊഷ്‌മാവ് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തുമെന്നാണു മുന്നറിയിപ്പ്.

അതേസമയം, പാലക്കാട് ജില്ലയിലെ ഊഷ്‌മാവ് കഴിഞ്ഞ അഞ്ചു ദിവസമായി 40 ഡിഗ്രിസെല്‍ഷ്യസിനു മുകളില്‍ തുടരുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ തുറസായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്. കാല്‍നട യാത്രക്കാര്‍ കുട ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിടുണ്ട്.

സുര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ അടിയന്തിരസാഹചര്യം നേരിടാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മെയ് അഞ്ചു വരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും, മെയ് അഞ്ച് മുതല്‍ കേരളത്തില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.