എന്നാല്‍ മഴയുടെ തീവ്രതയില്‍ നാളെ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു.

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ കേരളത്തിലെ 13 ജില്ലകളില്‍ ഇന്നും അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്). കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ജാഗ്രതാ നിര്‍ദേശം അഥവാ ഓറഞ്ച് അലര്‍ട്ട് ആണ് കാസര്‍ഗോഡ്. പതിനാല് ജില്ലകളിലും മഴ പെയ്യുമെന്നും എന്നാല്‍ എറണാകുളം മുതല്‍ വടക്കോട്ട് കണ്ണൂര്‍ വരെയുള്ള (എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍) എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

എന്നാല്‍ മഴയുടെ തീവ്രതയില്‍ നാളെ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് തിരുവനന്തപുരത്ത് നാളെ മഴ ദുര്‍ബലപ്പെടും. കൂടുതല്‍ ജില്ലകള്‍ നാളെ 'റെഡ് അലര്‍ട്ടി'ല്‍ നിന്നും 'ഓറഞ്ച് അലര്‍ട്ടി'ലേക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോഴത്തെ കണക്കുകൂട്ടല്‍ അനുസരിച്ച് എറണാകുളം, ഇടുക്കി ജില്ലകളിലാവും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരിക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാവും നാളെ പ്രഖ്യാപിക്കേണ്ടിവരികയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അതേസമയം ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് സംഭരണശേഷിയുടെ മുകളിലേക്ക് ഉയരുമെന്ന ആശങ്ക തല്‍ക്കാലത്തേക്കില്ല. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 2402.3 അടിയിലാണ് ഇപ്പോള്‍. മുല്ലപ്പെരിയാര്‍ മേഖലയിലും മഴയില്‍ കുറവുണ്ട്.