തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. ജലാശയത്തിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഉദ്യോ​ഗസ്ഥർ ഒാർമ്മിപ്പിക്കുന്നു

ജാ​ഗ്രതാ നിർദേശത്തിന്റെ വിശദാംശങ്ങൾ....

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ വൈകുന്നരേം എഴ് മണിക്കും രാവിലെ ഏഴ് മണിയ്ക്കും ഇടയിൽ മലയോരമേഖലകളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. ബീച്ചികളിലെത്തുന്നവർ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം. 

ജല നിരപ്പ് ഉയരുവാന്‍ സാധ്യതയള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുക. 

മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാ​ഗ്രത പാലിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുതെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.