കോഴിക്കോട് കക്കോടി സ്വദേശി സ്റ്റാലിനും മാവൂര്‍ സ്വദേശി സുധര്‍മ്മയുമാണ് മലമ്പുഴയിലേക്ക് വണ്ടി കയറിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായെത്തുന്ന പ്രതിപക്ഷ നേതാവിന്റെ സാനിധ്യത്തില്‍ വാഹിതരാവുകയായിരുന്നു ലക്ഷ്യം. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സ്റ്റാലിന്‍ സുധര്‍മ്മയെ പരിചയപ്പെടുന്നത്. ആറുവര്‍ഷത്തെ ഒന്നിച്ചുള്ള സംഘടനാ പ്രവര്‍ത്തനം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാല്‍ ഇരുവര്‍ക്കും കടുത്ത പ്രണയം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോടാണ്. കല്യാണം വിഎസിന്റെ സാനിധ്യത്തിലാക്കാമെന്ന് സ്റ്റാലിനാണ് ആദ്യം പറഞ്ഞത്. സുധര്‍മ്മയ്‌ക്കും അത് നൂറു വട്ടം സമ്മതമായിരുന്നു. വിഎസ് കോഴിക്കോട് വരുന്നെണ്ടെന്നറിഞ്ഞ് അവിടെയെത്തി ആഗ്രഹമറിയിച്ചു. വിവാഹം മലമ്പുഴയിലെ തന്റെ വീട്ടില്‍ വെച്ചാവാമെന്ന് വിഎസാണ് പറഞ്ഞത്. തിരക്കിനിടയിലും നവ ദമ്പതികളെ ആശിര്‍വദിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ സമയം കണ്ടെത്തി. വിഎസ് അച്യുതാന്ദന്റെ വീട്ടില്‍ വെച്ച് വിവാഹം കഴിച്ചവരെന്ന വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്ന് യുവദമ്പതികളെ ഉപദേശിക്കുകയും ചെയ്തു. കോഴിക്കോട് കക്കോടി സ്വദേശിയായ സ്റ്റാലിന്‍ നിലവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. മാവൂരില്‍നിന്നാണ് വധു സുധര്‍മമ വരുന്നത്. നിയമ പഠനം പൂത്തിയാക്കിയ സുധര്‍മ്മ എന്‍റോള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.