കുടിയേറ്റ വിരുദ്ധരായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയെ നേരിടാനാണ് അധികാരത്തിലെത്തിയാൽ ഹിതപരിശോധനയെന്ന പ്രഖ്യാപനം 2015ൽ പ്രചാരണത്തിനിടെ ഡേവിഡ് കാമറൂൺ നടത്തിയത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ തുടരാൻ വോട്ടുചെയ്യാനാണ് പ്രധാനമന്ത്രിയായ ശേഷം കാമറൂൺ ആവശ്യപ്പെട്ടത്. ആ നിലപാട് ജനം തള്ളിയതോടെ, കാമറൂണിന് പടിയിറങ്ങേണ്ടി വരുന്നു.
പകരക്കാരനും ബ്രക്സിറ്റ് തീരുമാനം പ്രതിസന്ധിയാകും. കുടിയേറ്റത്തിന് കടിഞ്ഞാണിട്ടാലും യൂറോപ്പ് എന്ന പൊതുവിപണി നഷ്ടമാകുന്നത് ബ്രിട്ടണെ ബാധിക്കും. തൊഴിലില്ലായ്മ കൂടുമെന്നും ബ്രെക്സിറ്റിനെ എതിർക്കുന്നവർ പറയുന്നു. ബ്രക്സിറ്റിന് പിന്നാലെ യുകെ വിടുന്നതിൽ വീണ്ടു ഹിതപരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് സ്കോർട്‍ലൻഡ് എന്ന് പ്രഥമ മന്ത്രി നികോള സ്റ്റേർജൻ പറഞ്ഞു.
1704ലെ യുദ്ധത്തിൽ ബ്രിട്ടൻ പിടിച്ചെടുത്ത ജിബ്രാൾട്ടറിൽ അവകാശവാദമുന്നയിക്കുമെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. ബ്രിട്ടൺ വിട്ടുപോകുന്നത് യൂറോപ്യൻ യൂണിയനും കനത്ത ആഘാതമാകും. ബ്രിട്ടാഷ് ജനതയുടെ തീരുമാനത്തെ വേദനയോടെ അംഗീകരിക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഴാങ് ക്ലോഡ് ജങ്കർ പറഞ്ഞു
മറ്റുരാജ്യങ്ങളും ബ്രിട്ടന്‍റെ വഴിയേ നീങ്ങാൻ സാധ്യതയേറി. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തിൽ ഹിതപരിശോധന വേണമെന്ന് നെതർലൻഡ്സിൽ ആവശ്യമുയർന്നുകഴിഞ്ഞു. ഫ്രാൻസും ഇറ്റലിയും ഇതേ വഴി തേടാം. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് ബ്രിട്ടൺ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി ധാരണയിലെത്തേണ്ടതുണ്ട്.
ഇതിന് ലിസ്ബൺ ഉടമ്പടിയുടെ അന്‍പതാം വകുപ്പ് പ്രാബല്യത്തിൽ വരണം. ബ്രിട്ടണിൽ പുതിയ പ്രധാനമന്ത്രി വന്ന ശേഷമേ ഈ നടപടി ക്രമങ്ങൾ തുടങ്ങാനിടയുള്ളൂ. ചുരുക്കത്തിൽ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങളെന്ന് വ്യക്തം.
