നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ പശ്ചിമബംഗാൾ സംസ്ഥാന ഘടകം പാര്‍ടി നയങ്ങൾ ലംഘിച്ചുവെന്നും അത് തിരുത്തണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചിരുന്നു. അതിനായി ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉൾപ്പെടയുള്ള നേതാക്കളെ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ പശ്ചിമബംഗാളിലെ അസാധാരണ സാഹചര്യം തിരിച്ചറിയാതെ ഏകപക്ഷീയമായാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെന്ന വിമര്‍ശനമാണ് രണ്ടുദിവസമായി കൊൽക്കത്തയിൽ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിൽ ഉയര്‍ന്നത്. 

30 അംഗ സംസ്ഥാന സമിതിയിൽ 27 അംഗങ്ങളും കേന്ദ്ര തീരുമാനത്തെ എതിര്‍ത്തു. കോണ്‍ഗ്രസുമായ യാതൊരു സഹകരണവും പാടില്ലെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം പൂര്‍ണമായി അംഗീകരിക്കാൻ സംസ്ഥാന ഘടകം തയ്യാറായില്ല. തൃണമൂൽ കോണ്‍ഗ്രസ് അക്രമത്തിനെതിരെയും ബി.ജെ.പിയുടെ വര്‍ഗീയതക്കെതിരെയും കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകാൻ രണ്ടുദിവസത്തെ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാർ, എം.എ.ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. 

പാര്‍ടി ആസ്ഥാനം പ്രവര്‍ത്തിക്കുന്ന ദില്ലിയിൽ രണ്ടായിരം വോട്ടുപോലും പിടിക്കാനാകാത്ത കേന്ദ്ര നേതാക്കളാണ് രണ്ടര കോടി വോട്ടുള്ള പശ്ചിമബംഗാൾ ഘടകത്തെ തിരുത്താൻ വരുന്നതെന്ന വിമര്‍ശനവും ചില അംഗങ്ങൾ ഉയര്‍ത്തി. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരിക്കാതിരുന്നതും, സോമനാഥ് ചാറ്റര്‍ജിക്കെതിരെ എടുത്ത നടപടിയൊക്കെ ഓര്‍മ്മിച്ചുകൊണ്ടായിരുന്ന ചില അംഗങ്ങളുടെ വിമര്‍ശനം. 

സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ അടവുനയങ്ങൾക്ക് രൂപം നൽകാൻ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പാര്‍ടി സംസ്ഥാന പ്ളീനം വിളിക്കാനും പശ്ചിമബംഗാൾ സംസ്ഥാന സമിതി തീരുമാനിച്ചു.