പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളത്തിലായി ജനജീവിതം ദുഷ്കരം

മാന്നാര്‍: മാന്നാറിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ അഞ്ഞൂറോളം വീടുകള്‍ വെള്ളത്തിനടിയില്‍. പമ്പാനദിയും അച്ചന്‍കോവിലാറും കരകവിഞ്ഞതോടെ പാവുക്കര വൈദ്യന്‍ കോളനിയും ഇടത്തേ കോളനിയും സമീപ വീടുകളും വെള്ളത്തിനടിയിലായി. മാന്നാര്‍, ചെന്നിത്തല ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ മേഖലകളിലെ 500 ഓളം വീടുകള്‍ വെള്ളത്തിനടിയിലായി. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ അരയടി മാത്രമുണ്ടായിരുന്ന വെള്ളം സന്ധ്യയോടെ രണ്ടടിയോളമായി മിക്കയിടത്തും ഉയര്‍ന്നു.

ഇനിയുള്ള വെള്ളത്തിന്‍റെ വരവും ജനങ്ങള്‍ക്കിടയില്‍ ഭീതിയുളവായിട്ടുണ്ട്. ഈ ഭാഗത്തുള്ള കരക്കൃഷിയിടങ്ങളിലെല്ലാം പൂര്‍ണമായും വെള്ളം കയറി. മാന്നാര്‍ -പാവുക്കര- വള്ളക്കാലി റോഡിനോടു ചേര്‍ന്ന് വെളളമെത്തി നില്‍ക്കുകയാണ്. ഇവിടെ നിര്‍മാണത്തിലിരുന്ന കലുങ്കിനു മുകളിലൂടെയാണു വെള്ളമൊഴുകി പാടത്തേക്കു പോകുന്നത്. ചിലയിടത്തു വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. പമ്പയില്‍ നിന്നു തെക്കോട്ട് ഒഴുകുന്ന ഇലമ്പനം തോട് കരകവിഞ്ഞു മേല്‍ പുരയിടത്തിലേക്കു ഭാഗികമായി വെള്ളം കയറി.

ഈ മേഖലയില്‍ കൃഷി നാശവും വ്യാപകമാണ്. വാഴ, കപ്പ കൃഷിയിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഓണ വിപണിയെ ലക്ഷ്യമാക്കിയുള്ള കൃഷിയായിരുന്നു ഇവയിലേറെയും. ചേറ്റാളപ്പറമ്പില്‍ കോളനിയിലെ മിക്ക വാഴക്കൃഷിയിടങ്ങളും വെള്ളത്തിലായി. മണ്ണിനുറപ്പില്ലാത്ത പടിഞ്ഞാറന്‍ മേഖലയിലെ വീട്ടുമുറ്റത്തെ കിണറുകള്‍ ഇടിഞ്ഞു താഴുമോയെന്ന ഭീതിയും നിലനില്‍ക്കുകയാണ്. കുടിവെള്ള പൈപ്പുകളും വെള്ളത്തിലായി. പാവുക്കരയിലെ ജലറാണി വെപ്പുവള്ളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വള്ളപ്പുരയിലും വെള്ളം കയറിയിട്ടുണ്ട്. അച്ചന്‍കോവിലാറ് കരകവിഞ്ഞ ചെന്നിത്തല–തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളത്തിലായി. കാരിക്കുഴി, ചിത്തിരപുരം, മുണ്ടുവേലിക്കടവ്, അടുക്കളപ്പുറം, വാഴക്കൂട്ടം കടവ്, നാമങ്കേരി കോളനി, ഇഞ്ചക്കത്തറ കോളനി, കുരയ്ക്കാലാര്‍, പറയങ്കേരി, ചില്ലിത്തുരുത്ത് എന്നീ ഭാഗങ്ങളിലും വെളളം കയറി.

ഇലഞ്ഞിമേല്‍–ഹരിപ്പാട് പാതയിലെ പറയങ്കേരി റോഡില്‍ വെള്ളം കയറിയെങ്കിലും ഗതാഗതത്തിന് ഭീഷണിയില്ല. ചെന്നിത്തല കല്ലുംമൂടിന് പടിഞ്ഞാറ് നിര്‍മാണത്തിലിരിക്കുന്ന തോട്ടുങ്കര കലുങ്കിനു സമീപം ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കെട്ടിക്കിടന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഉളുന്തി, പുറന്തട, കുട്ടംപേരൂര്‍ ആറു കടന്നു പോകുന്ന ചെറുകോല്‍ ചേങ്കര, ഉളുന്തി, പുറന്തട, കടമ്പൂര് എന്നിവിടങ്ങളിലും വെള്ളം കയറി ജന ജീവിതം ദുഷ്‌ക്കരമാണ്.