
1957ലെ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടിയിറക്കല്‍ നിരോധന നിയമവും ഭൂപരിഷ്കരണ നിയമവും മുതല്‍ ഓരോ സര്‍ക്കാരുകളും പിന്തുടര്‍ന്ന പുരോഗമന ജനകീയാശയങ്ങളാണ് പുകള്‍പെറ്റ കേരള വികസനത്തിനും സാമൂഹ്യമാറ്റങ്ങള്‍ക്കും കാരണമായത്. വിദ്യാഭ്യാസം, ആരോഗ്യം, സ്‌ത്രീസുരക്ഷ മതേതര ചിന്ത തുടങ്ങി 100ശതമാനം സാക്ഷരതയും സമ്പൂര്‍ണ ശുചിമുറി സംവിധാനം വരെയുമെത്തി നില്‍ക്കുന്നു നമ്മുടെ നേട്ടങ്ങള്‍. കൃഷിയില്‍ നിന്ന് ഐ.ടിയിലേക്കും ഗ്രാമ സങ്കല്‍പത്തില്‍ നിന്ന് ആഗോള പൗരത്വത്തിലേക്കും മലയാളി വളര്‍ന്നു. ദാരിദ്ര്യവും പട്ടിണിയും മാറ്റാനായെങ്കിലും തുടച്ചു നീക്കാനായില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെയുള്ള മാലിന്യ കൂമ്പാരങ്ങളും ജലദൗര്‍ലഭ്യവും മദ്യശാലകള്‍ക്ക് മുന്നിലെ നീണ്ട നിരയും പാവപ്പെട്ടവന് കയ്യെത്തിപിടിക്കാനാകാത്ത വിധം വളരുന്ന സ്വകാര്യ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ നമ്മുടെ വികസന സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
നവോഥാന നായകരുടേയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും നിതാന്ത ജാഗ്രതയില്‍ തൂത്തെറിയപ്പെട്ട ജാതി വ്യവസ്ഥയും വര്‍ഗീയതയുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും മതേതര സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതും 60ാം വയസിലെ പോരായ്മയാണ്. എന്തിനും ഏതിനും രാഷ്‌ട്രീയം കാണുന്നതും ആരോപണ പ്രത്യാരോപണവും കേരള വികസനത്തിന് തടസമാണെന്ന വാദവുമുണ്ട്.
നമുക്ക് നമ്മുടെ നേട്ടങ്ങള്‍ സംരക്ഷിക്കണം. പുതിയവ കയ്യെത്തിപ്പിടിക്കണം. അവകാശ പോരാട്ടങ്ങളുടെ ചരിത്രമുള്‍ക്കൊണ്ട് പ്രത്യയശാസ്‌ത്ര കടുംപിടിത്തങ്ങളില്ലാതെ കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ കൊച്ചു കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം. അതിനുള്ള നാന്ദിയാകട്ടെ 60ാം പിറന്നാളാഘോഷം...
