ജയ്പുര്‍: ലൗ ജിഹാജ് ആരോപിച്ച് ബംഗാള്‍ സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നിന് മുന്‍പ് പ്രതിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട വാട്‍സ്ആപ് ഗ്രൂപ്പ്. സംഭവം നടന്ന രാജസ്ഥാനിലെ രാജസമന്ദ് എം.പി ഹരിഓം സിങ് റാത്തോഡ്, എം.എല്‍.എയും മന്ത്രിയുമായ കിരണ്‍ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട 'സ്വച്ഛ് രാജ്സമന്ദ്, സ്വച്ഛ് ഭാരത്' ഗ്രൂപ്പിലാണു വിവാദ സന്ദേശങ്ങള്‍ വന്നത്. 

ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്റസൂലിന്റെ കൊലപാതകം ഒരു താക്കീതാണെന്ന് ഒരു സന്ദേശത്തില്‍ പറയുന്നു. ബി.ജെ.പിയുടെ ബൂത്തുതല പ്രവര്‍ത്തകന്‍ എന്നു പരിചയപ്പെടുത്തുന്ന പ്രേം മാലി എന്നയാളാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. അതേസമയം, താന്‍ ഏറെക്കാലമായി വാട്സാപ് ഉപയോഗിക്കുന്നില്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. എന്നാല്‍ ആയിരക്കണക്കിന് പേര്‍ വാട്സ്ആപ് വഴി ബന്ധപ്പെടാറുണ്ടെന്നും ആരോ അയച്ച സന്ദേശത്തിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.