കൊച്ചി: മലപ്പുറത്തും കൊല്ലത്തും സ്‌ഫോടനം നടത്തിയ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ കുടുക്കിയത് കൊച്ചി പൊലീസിന് അയച്ച വാട്‌സ് അപ് സന്ദേശം. കൊച്ചിയിലടക്കം രാജ്യത്താകമാനം സ്‌ഫോടനവും കലാപവും സൃഷ്ടിക്കുമെന്നായിരുന്നു അറിയിച്ചത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൂന്നു പ്രതികളെ കുടുക്കാന്‍ എന്‍ ഐ എയെ സഹായിച്ചത്.

മലപ്പുറം കലക്ടേറ്റില്‍ സ്‌ഫോടനം നടന്ന അതേദിവസമായിരുന്നു കൊച്ചി സിറ്റി പൊലീസിന് വാട്‌സ് അപ് സന്ദേശം കിട്ടിയത്. കൊച്ചി നാവികാസ്ഥാനം അടക്കമുളള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു സന്ദേശം. പ്രധാനമന്ത്രിയെ വധിക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു. ഈ വാട്‌സ്അപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍ മധുരയിലുണ്ടെന്ന സൂചന നല്‍കിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെക്കൂടി അറിയിച്ചതോടെ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷിച്ചിരുന്ന എറണാകുളം ഡിസിപി എന്‍ ഐ എ കസ്റ്റിഡിയിലുളള പ്രതികളെ ചോദ്യം  ചെയ്തു. മൈസൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഇവരെ എന്‍ ഐ എ അറസ്റ്റുചെയ്തു. കേരളത്തിലെ സ്‌ഫോടനങ്ങള്‍ക്കുപിന്നിലും ഇവര്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുളള കേസുകളും എന്‍ ഐ എക്ക് കൈമാറും.