Asianet News MalayalamAsianet News Malayalam

യുവന്‍റസിലേക്ക് റൊണാള്‍ഡോ എത്തുമ്പോള്‍; ഇനി ഇതൊരു ചെറിയ കളിയല്ല

  • ഒമ്പത് വര്‍ഷത്തിന് ശേഷമുള്ള റൊണാള്‍ഡോയുടെ കൂടുമാറ്റം ഇറ്റാലിയന്‍ ഫുട്ബോളിനെയും കരകയറ്റും
when ronaldo comes to juventus
Author
First Published Jul 11, 2018, 12:19 AM IST

ടുറിന്‍: അവനെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍, ടീമിലെത്തിക്കൂ... ക്ലബ് ഫുട്ബോള്‍ ലോകത്ത് ഇന്നും തിരുത്തപ്പെടാത്ത മാന്ത്രിക വാചകമാണ് ഇത്. കഴിഞ്ഞ രണ്ടു വര്‍ഷവും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്‍റസിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നിഷേധിച്ചത് റയല്‍ മാഡ്രിഡാണ്, അല്ല അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ആ മുപ്പത്തിമൂന്നുകാരന്‍റെ ചരിത്രമായ ബെെസെെക്കിള്‍ കിക്ക് അടക്കമുള്ള മൂന്നു ഗോളുകള്‍ യുവെയുടെ വലയിലല്ല, ഹൃദയത്തിലാണ് പതിച്ചത്. അന്ന് തന്നെ അവര്‍ മനസില്‍ കുറിച്ചിരിക്കാം. ഇവനെ മാഡ്രിഡില്‍ നിന്ന് റാഞ്ചണമെന്ന്. അവസാനം റയല്‍ ആരാധകര്‍ക്ക് കണ്ണീര്‍ സമ്മാനിച്ച് റൊണാള്‍ഡോ യുവെയിലേക്ക് ചേക്കേറുമ്പോള്‍ പതിഞ്ഞ താളത്തിലായി പോയ ഇറ്റാലിയന്‍ ലീഗ്, സീരി എയ്ക്ക് പുതിയ ഉണര്‍വാണ് ലഭിക്കാന്‍ പോകുന്നത്.

ശക്തിയേറി യുവെ

വാഴ്ത്തപ്പെടലിന്‍റെ ലോകത്ത് അഭിരമിക്കുന്ന താരങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഇറ്റലിയിലും യൂറോപ്പിലും മികച്ച പ്രകടനം നടത്തുന്ന ടീമാണ് യുവന്‍റസ്. കഴിഞ്ഞ ഏഴു തവണയായി ഇറ്റലിയില്‍ എതിരാളികള്‍ പോലുമില്ലാതെ കുതിക്കുകയാണ് അവര്‍. പക്ഷേ, വഴുതിയും വഴങ്ങാതെയും നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗ് എന്ന യൂറോപ്യന്‍ രാജാവിനുള്ള പട്ടം മാത്രം.

2000 ആണ്ട് പിറന്നതിന് ശേഷം തെന്നി മാറുന്ന ആ കിരീടം ടുറിനില്‍ എത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഗോളുകള്‍ അടിച്ചു കൂട്ടുന്ന റൊണാള്‍ഡോയെ എത്തിച്ചിരിക്കുന്നതെന്ന് ഉറപ്പ്. റോണോ വന്നതോടെ തൊട്ടാല്‍ ഏത് വമ്പനും കെെ പൊള്ളുന്ന കരുത്തരായി യുവെ മാറിയിരിക്കുന്നു.

ഹിഗ്വയിന്‍- സിആര്‍ 7

റയല്‍ മാഡ്രിഡ് ഗോണ്‍സാലോ ഹിഗ്വെയിനുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത് 2013ല്‍ ആണ്. അതുവരെ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ഗോളുകള്‍ അടിച്ചു കൂട്ടുന്ന ദ്വയങ്ങളായിരുന്നു ഇരുവരും. റയലില്‍ നിന്ന് നാപ്പോളിയിലേക്ക് പോയ അര്‍ജന്‍റീനിയന്‍ താരം 2016ല്‍ യുവെയുടെ തട്ടകത്തിലേക്ക് വന്നു.

when ronaldo comes to juventus

റയലില്‍ 80 കളികളില്‍ ഒന്നിച്ചു കളിച്ചതിന്‍റെ അനുഭവപരിചയമുണ്ട് ഹ്വിഗെയിനും റൊണാള്‍ഡോയ്ക്കും. യുവന്‍റസില്‍ ഇരുവരും ഒന്നിക്കുമ്പോള്‍ കരുത്തുറ്റ മുന്നേറ്റനിരയാണ് ഇറ്റാലിയന്‍ ടീമിന് ലഭിക്കുക. പക്ഷേ, റൊണാള്‍ഡോ എത്തുമ്പോള്‍ മുപ്പതുകാരനായ ഹിഗ്വെയിനെ ക്ലബ് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും ഏറെയാണ്. അതിന്‍റെ കാരണവും മറ്റൊരു അര്‍ജന്‍റീനിയന്‍ താരമാണ്.

ഡിബാലയുമായി ചേര്‍ന്നാല്‍

ഹിഗ്വെയിന്‍ ഉണ്ടെങ്കില്‍ പോലും യുവന്‍റസ് നിരയിലെ താരം പൗളോ ഡിബാലയാണ്. ഇരുപത്തിലാകാരനായ ഡിബാലയില്‍ നിന്ന് ക്ലബ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ റൊണാള്‍ഡോ വന്നാല്‍, ഡിബാല ക്ലബ് വിട്ടേക്കുമെന്ന വാര്‍ത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു.

when ronaldo comes to juventus

അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് ദുസ്വപ്നമായി മാറാന്‍ പോകുന്നത് സംഘമായിരിക്കും റൊണാള്‍ഡോയും ഡിബാലയും ചേരുന്ന മുന്നേറ്റ നിര. ഹിഗ്വെയിനെയും റൊണാള്‍ഡോയെും ഡിബാലയയെും മുന്നില്‍ നിര്‍ത്തി 4-3-3 എന്ന ഫോര്‍മേഷനില്‍ യുവെ ഇറങ്ങിയാല്‍ എതിര്‍ പോസ്റ്റില്‍ ഗോളുകളുടെ പൊടി പൂരമാകും സൃഷ്ടിക്കാനാകുക.

പന്തെത്തിക്കാന്‍ എംറെ കാനും, സാമി ഖെദീരയും മറ്റൗഡിയെയും പോലുള്ള ഭാവനാസമ്പന്നര്‍ പിന്നിലുണ്ട്. കൂടാതെ മാന്‍സൂക്കിച്ചിനെ പോലുള്ള താരങ്ങളും അണിനിരക്കുന്നതോടെ വെറുമൊരു ചെറിയ കളയില്ല യുവന്‍റസ് പ്രതീക്ഷിക്കുന്നുണ്ടാവുക. 

 

Follow Us:
Download App:
  • android
  • ios