'ആരാണീ രജനീകാന്ത് ? ' തൂത്തുക്കുടിയിലെ 21കാരന്‍റെ ചോദ്യം

ചെന്നൈ: നടന്‍ രജനികാന്തിനെ അറിയാത്തവരായി ആരെങ്കിലും തമിഴ്നാട്ടിലുണ്ടെന്ന് കരുതാനാകില്ല. അത്രയ്ക്കാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത രജനിയുടെ പ്രഭാവം. ഉറങ്ങിക്കിടക്കുന്ന കൊച്ചു കുഞ്ഞിനോട് ചോദിച്ചാല്‍ പോലും നമ്മ സൂപ്പര്‍ സ്റ്റാര്‍ എന്നായിരിക്കും ആരാണ് രജനി എന്ന ചോദ്യത്തിനുള്ള മറുപടി.

എന്നാല്‍ കഴിഞ്ഞ ദിവസം രജനികാന്ത് ആരാണെന്ന ചോദ്യം ഉയര്‍ന്നു. ഏതെങ്കിലും കുഞ്ഞിനോടായിരുന്നില്ല ആ ചോദ്യം. രജനികാന്തിന്‍റെ മുഖത്ത് നോക്കി തന്നെയാണ് ആ ചോദ്യം ഉന്നയിച്ചത്. ചോദിച്ചതാകട്ടെ തൂത്തുക്കുടിയില്‍ വേദാന്തയ്ക്കെതിരെ സമരം നടത്തുന്നവരില്‍ ഒരാളായ 21കാരന്‍ കെ സന്തോഷ് രാജ്. 

മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിന്‍റെ ചോദ്യം വൈറലായി. ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി #NaanThanPaRajinikanth #AntiTamilRajinikanth എന്നിങ്ങനെ ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു. രജനികാന്തിന്‍റെ തന്നെ ചിത്രങ്ങളായ ഭാഷയിലെയും മുത്തുവിലെയും രംഗങ്ങളെടുത്താണ് ട്രോളുകള്‍ നല്‍കിയിരിക്കുന്നത്. ''സുപ്പര്‍ സ്റ്റാറുകളെ ഞങ്ങള്‍ തമിഴ്നാട്ടുകാര്‍ ആരാധിക്കും. എന്നാല്‍ മനുഷ്യത്വമില്ലാത്ത അവരുടെ പെരുമാറ്റത്തെ ഞങ്ങള്‍ ചോദ്യം ചെയ്യും'' എന്നുമാണ് ട്വീറ്റുകളിലൊന്ന്. 

രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ച രജനിക്ക് ലഭിച്ച ആദ്യത്തെ തിരിച്ചടിയായാണ് ഈ ചോദ്യത്തെയും അതിന് ലഭിച്ച സ്വീകാര്യതയെയും വിലയിരുത്തുന്നത്. ഉത്തരമായി താന്‍ രജനികാന്തെന്ന് സൂപ്പര്‍സ്റ്റാറിന് പറയേണ്ടി വന്നുവെന്നത് ആ വെല്ലുവിളി വ്യക്തമാക്കുകയാണെന്നുമാണ് സോഷ്യല്‍മീഡിയയുടെ നിലപാട്. 

തൂത്തുക്കുടി വെടിവെയ്പ്പില്‍ പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയ രജനികാന്ത് പൊലീസ് വെടിവെച്ചത് അക്രമം ഉണ്ടായപ്പോഴാണെന്ന് പറഞ്ഞിരുന്നു. ആദ്യം പൊലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാത്തിനും സമരം നടത്തിയാൽ തമിഴ്നാട് ചുടുകാട് ആവുമെന്നും സാമൂഹ്യ ദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞു. 

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് മരിച്ചത്. സമരത്തിന്‍റെ 100ാം ദിവസാചരണത്തിനെത്തിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി.

പൊലീസ് വാനിന് മുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു.വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.