മുംബൈ: ടാക്സി ‍ഡ്രൈവറില്‍ നിന്നും മുംബൈയെ വിറപ്പിച്ച അധോലോക ഭീകരനായി മാറിയ അബൂ സലീമിന്റെ ജീവിതം ഒരു ബോളിവുഡ് ത്രില്ലറിനെ വെല്ലുന്നതാണ്. 1993 ലെ മുംബൈ സ്ഫോടനത്തിനുശേഷം കാമുകി മോണിക്ക ബേദിയോടൊപ്പം പോര്‍ച്ചുഗലിലേക്ക് കടന്ന അബൂസലീമിനെ 2005 ലാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ബോളിവുഡ് നിര്‍മാതാവ് ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയാണ് സലീം ഏവരെയും ഞെട്ടിച്ചത്. ദാവൂദ് ഇബ്രാഹീമിന്റെ അടുപ്പക്കാരനായിരുന്ന സലീം പിന്നീട് ദാവൂദുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം വഴിയേ നടന്നു.

ഉത്തര്‍പ്രദേശിലെ അസംഗഡില്‍ അഭിഭാഷകന്റെ മകനായാണ് അബു സലീം ജനിച്ചത്. ദില്ലിയില്‍ ടാക്സി ഡ്രൈവറായി ആദ്യജോലി. എണ്‍പതുകളുടെ പകുതിയില്‍ മുംബൈയിലെത്തിയ സലീം അന്ധേരിയിലെ ഒരു ടെലിഫോണ്‍ ബൂത്തിലെ ജോലിക്കൊപ്പം കുറ്റകൃത്യങ്ങളിലേക്കും കടന്നു. ഈ സമയത്താണ് സലീം ദാവൂദ് ഇബ്രാഹിമിന്റെ അനുജന്‍ അനീസുമായി സൗഹൃദത്തിലാകുന്നത്. അനീസ് വഴി ഡി കമ്പനിയിലേക്ക് കയറിയ ഇയാള്‍ പിന്നെ നഗരം പേടിക്കുന്ന കൊടും കുറ്റവാളിയായി തീര്‍ന്നു.

1993ല്‍ ബോംബെ സ്ഫോടനപരമ്പരയ്‌ക്ക് ശേഷം സലീം മോണിക്കയ്‌ക്കൊപ്പം പോര്‍ച്ചുഗലിലേക്ക് കടന്നു. ഗുജറാത്ത് തീരത്തുനിന്നും മുംബൈയിലേക്ക് സ്ഫോടക വസ്തുക്കള്‍ കടത്തി, സഞ്ചയ് ദത്തിന് ആയുധം എത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അബൂസലീമിനെ ചുമത്തപ്പെട്ടത്. 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണ് താമസിച്ചിരുന്നത്.

2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്‌ക്ക് 2 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. വ്യാജരേഖ ചമച്ചതും അറസ്റ്റ് പ്രതിരോധിക്കാന്‍ ശ്രമിച്ചതുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. മുംബൈ സ്ഫോടനക്കേസില്‍ വിചാരണ നേരിടാന്‍ ഇന്ത്യയില്‍ തിരികെയെത്തിയാല്‍ വധശിക്ഷ വിധിക്കില്ലെന്ന് പോര്‍ച്ചുഗലുമായി ധാരണയാക്കിയാണ് 2005ല്‍ സലീമിനെ ഇവിടെയെത്തിച്ചത്. 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനക്കേസില്‍ ഇന്ന് ജീവപര്യന്തം ശിക്ഷാ വിധി കേട്ടപ്പോള്‍ കോടതിമുറിയില്‍ പൊട്ടിക്കരയുകയായിരുന്നു ഈ അധോലോക ഭീകരന്‍.