ദില്ലി: വിജയ് മല്ല്യ മുങ്ങിയതിനു ശേഷവും ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ സർക്കാർ കാര്യമായൊന്നും ചെയ്തില്ല എന്നതിനു തെളിവാണ് നീരവ് മോദിയുടെ കുംഭകോണം. ഹോളിവുഡിൽ വരെ വൻ സ്വാധീനം ഉണ്ടായിരുന്ന നീരവ് മോദിയും മല്യയ്ക്ക് പിന്നാലെ പൊതുപണം കൊള്ളയടിച്ച് ആഡംബരത്തിന് ഉപയോഗിച്ചതിൻറെ തെളിവുകളാണ് പുറത്തു വരുന്നത്. 

രത്നവ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച നീരവ് മോദി വളർന്നത് ബെൽജിയത്തിലെ ആൻറ് വർപ്പിൽ. വാർട്ടൺ ബിസിനസ് സ്കൂളിൽ ചേർന്ന മോദി ഒരു വർഷത്തിൽ പഠനം ഉപേക്ഷിച്ചാണ് മുംബൈയിൽ സ്വന്തം രത്നവ്യാപാര കമ്പനി രൂപീകരിച്ചത്. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്ന ഷോറൂമുകൾ തുറന്നു. 

ഹോളിവുഡ് നടിമാർ നീരവ് മോദിയുടെ ബ്രാൻഡ് അംബാസഡർമാരായി. ഡക്കോറ ജോൺസണും കേറ്റ് വിൻസ്ലറ്റും നവോമി വാട്ട്സും അടുത്തിടെ പ്രിയങ്കാ ചോപ്റയും നീരവ് മോദിയുടെ രത്നാഭരണവുമായി റാംപുകളിൽ നിറഞ്ഞു. ഹോങ്കോങ്ങിലും മക്കാവുവിലും ഒക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ് 36 കോടി നല്‍കി നീരവ് മോദി സ്വന്തമാക്കിയിരുന്നു. എല്ലാം പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 

ബാങ്കുകളുടെ കിട്ടാക്കടം കൂടിയത് യുപിഎ ഭരണകാലത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെൻറിൽ പറഞ്ഞിരുന്നു. 2011-ൽ തുടങ്ങിയതാണെങ്കിലും നീരവ് മോദിയുടെ തട്ടിപ്പ് നിർബാധം തുടർന്നു എന്നത് കേന്ദ്രസർക്കാരിനും തിരിച്ചടിയാണ്. വിജയ് മല്ല്യ രാജ്യവിട്ടതു വലിയ വിവാദമായതിനു ശേഷവും ഇത്തരം തട്ടിപ്പുകാർക്കെതിരെ സർക്കാർ അനങ്ങിയില്ല എന്നതും വ്യക്തമാകുകയാണ്. വരുമാനം കുറയും എന്ന് ചൂണ്ടിക്കാട്ടി ഇടത്തരക്കാർക്ക് ആദായനികുതിയിൽ ഒരിളവും പ്രഖ്യാപിക്കാൻ തയ്യാറാകാത്ത ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ധനമന്താലയവും ഇത്തരം തട്ടിപ്പുകൾ അറിയാതെ പോകുന്നു.