ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതിയുടെ കീഴലുള്ള ശൗചാലയങ്ങള്‍ ആരു ശുചീകരിക്കുമെന്ന് മാഗ്സെസെ അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബെസ്‍വാഡ വില്‍സണ്‍. ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ശൗചാലയങ്ങള്‍ ശുചീകരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താതെ മനുഷ്യനെ തന്നെ ശുചീകരണത്തിന് ഉപയോഗിക്കുന്നത് കൗതുകകരമാണെന്നും വില്‍സന്‍ പറഞ്ഞു.
ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളേജില്‍ ജാതി വ്യവസ്ഥിതിയും അസമത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വില്‍സണ്‍. ഇന്ത്യ നേരിടുന്ന രണ്ട് മാരകരോഗങ്ങളാണ് ജാതിയും പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഭരണ വ്യവസ്ഥിതിയെന്നും നിരീക്ഷിച്ച വില്‍സണ്‍ രാഷ്ട്രീയക്കാര്‍ ഇക്കാര്യം തുറന്നു പറയാന്‍ മടിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ദളിത് അവകാശ പോരാട്ടത്തിന്റെ പ്രമുഖ നേതാവും സഫാരി കർമചാരി ആന്ദോളന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് വിൽസൺ. കർണാടകത്തിലെ പ്രശസ്തമായ കോളാർ സ്വർണ ഖനി പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. തോട്ടി സമുദായത്തിൽ ജനിച്ചതിനാൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളിൽ മനം നൊന്താണ് അദ്ദേഹം മനുഷ്യാവകാശ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ഈ വര്‍ഷമാണ് മാഗ്സെസെ പുരസ്കാരം വില്‍സണെ തേടിയെത്തിയത്.
