ദില്ലി: കോടിക്കണക്കിനു രൂപ വിലവരുന്ന 2,000 രൂപ നോട്ടുകൾ ഉപേക്ഷിച്ചു നാണയങ്ങൾമാത്രം ബാങ്കിൽനിന്നു കവർന്ന മൂവർ സംഘം പിടിയിൽ. വടക്കൻ ദില്ലിയിലുള്ള സിൻഡിക്കേറ്റ് ബാങ്കിന്റെ ശാഖയിലാണു കഴിഞ്ഞ ദിവസം വേറിട്ട മോഷണം നടന്നത്. രാത്രിയിൽ ബാങ്കിന്റെ ജനൽ പാളി തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ സേഫിൽ സൂക്ഷിച്ചിരുന്ന ചില്ലറകൾ അടിച്ചുമാറ്റുകയായിരുന്നു. രാവിലെ ബാങ്കിലെത്തിയ ഉദ്യോഗസ്ഥരാണു മോഷണ വിവരം പുറത്തറിയിച്ചത്.
പോലീസെത്തി കൂടുതൽ പരിശോധന നടത്തിയപ്പോഴാണു മോഷ്ടാക്കൾ കോടികൾ വിലമതിക്കുന്ന 2000 രൂപ നോട്ടുകൾ അവഗണിച്ചതായി കണ്ടെത്തിയത്. എന്നാൽ, അധികം വൈകാതെതന്നെ ഈ വിരുതൻമാർ പോലീസ് പിടിയിലാകുകയും ചെയ്തു. പുതിയ നോട്ടുകളിൽ കംപ്യൂട്ടർ ചിപ്പുകൾ ഉണ്ടെന്നു കരുതി പേടിച്ചിട്ടാണ് ഉപക്ഷിച്ചതെന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്.
