ലോകകപ്പ് കാണുന്നവര്‍ പലര്‍ക്കും ഒരു സംശയമുണ്ട്, എന്തിനാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഒന്നിച്ച് നടത്തുന്നത്

മോസ്കോ: ലോകകപ്പ് കാണുന്നവര്‍ പലര്‍ക്കും ഒരു സംശയമുണ്ട്, എന്തിനാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഒന്നിച്ച് നടത്തുന്നത്. 1986 മുതല്‍ ലോകകപ്പില്‍ തുടരുന്ന ഈ പതിവിന് പിന്നില്‍ എന്താണ്. ഫിഫ ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം ഒന്നുമാത്രം. ഒത്തുകളികളും, മത്സരഫലം മാറ്റിമറിക്കുന്നതും ഒഴിവാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

അതായത് പലപ്പോഴും ഗ്രൂപ്പ് ഘട്ടം പുരോഗമിക്കുമ്പോള്‍ അവസാനത്തെ മത്സരം നിര്‍ണ്ണായകമായിരിക്കും. അതിനാല്‍ ചില ടീമുകളെ പുറത്താക്കുവാന്‍ മറ്റ് ടീമുകള്‍ മത്സരഫലം നോക്കി ഒത്തുകളിക്കാനുള്ള സാധ്യതയാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഒന്നിച്ച് നടത്തി ഫിഫ ഒഴിവാക്കുന്നത്.

എന്നാല്‍ 1982 ലോകകപ്പില്‍ അള്‍ജീരിയയെ പുറത്താക്കുവാന്‍ ജര്‍മ്മനിയും ഓസ്ട്രേയയും കളിച്ച ലജ്ജകരമായ കളിയാണ് ഫിഫയെ നിയമങ്ങള്‍ മാറ്റാന്‍ പ്രേരിപ്പിച്ചത്. 1982-ലെ സ്പാനിഷ്‌ ലോകകപ്പിൽ ദുർബലരെന്ന് കരുതിയ അൾജീരിയക്കെതിരെയുള്ള മത്സരത്തിന്‌ മുമ്പ്‌ ജർമനിക്കാർ അമിത ആത്മവിശ്വാസത്തിൽ നടത്തിയ കമന്‍റുകള്‍ അവർക്ക്‌ വിനയായി. തങ്ങൾ നേടുന്ന ഏഴാം ഗോൾ ഭാര്യമാർക്കുവേണ്ടിയും എട്ടാം ഗോൾ വളർത്തുപട്ടികൾക്കുവേണ്ടിയും സമർപ്പിക്കുമെന്നും തോൽക്കുകയാണെങ്കിൽ അടുത്ത ട്രെയിനിൽ മ്യൂണിക്കിലേക്ക് മടങ്ങുമെന്നും പൊങ്ങച്ചം പറഞ്ഞു. 

തങ്ങളുടെ ആദ്യ ലോകകപ്പ്‌ കളിക്കുന്ന അൾജീരിയ ആവേശത്തോടെ പോരാടി 2-1 ന്‌ ജർമനിയെ തകർത്തു. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു ഇത്‌. ഇതിന്‌ പ്രതികാരമായി അൾജീരിയയെ പുറത്താക്കാൻ ജർമനിയും ഓസ്ട്രിയയും ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഒത്തുകളിച്ചു. ഇത്‌ ഗിഗോണിലെ നാണക്കേട്‌ എന്നറിയപ്പെടുന്നു. ഒത്തുകളി നടത്തിയ ഓസ്ട്രിയ രണ്ടാം റൗണ്ടിലും, ജർമനി ഫൈനലിലും തോറ്റു എന്നത്‌ ചരിത്ര സത്യം.