''എന്‍റെ സംസ്ഥാനത്ത് പുൽവാമ ഭീകരാക്രമണത്തിന്‍റെ പേരിൽ മതസ്പർദ്ധ വളർത്തുന്ന എന്തെങ്കിലും നടപടികളുണ്ടായാൽ ശക്തമായ നടപടികളുണ്ടാകും.'' മമതാ ബാനർജി.
കൊൽക്കത്ത: ആക്രമണം നടക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് കിട്ടിയിട്ടും സിആർപിഎഫ് ജവാൻമാരുടെ കോൺവോയ് വാഹനങ്ങൾ വേണ്ടത്ര പരിശോധനകളില്ലാതെ എന്തിന് കടത്തി വിട്ടുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ''ഇത്രയും കാലം പാകിസ്ഥാനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണോ നിങ്ങൾ നിഴൽ യുദ്ധം തുടങ്ങുന്നത്?'' മമത തുറന്നടിച്ചു.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പേരിൽ സമുദായ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം പലയിടത്തും നടക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി. അത്തരമെന്തെങ്കിലും നീക്കമുണ്ടായാൽ ശക്തമായി അടിച്ചമർത്താൻ പൊലീസിന് നിർദേശം നൽകിയെന്നും മമത അറിയിച്ചു.
