കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്‍റെ അമിത ഇടപെടലാണ് നടക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്നും ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. 

ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകും. ജിഷ വധക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണത്തിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

സംസ്ഥാനത്ത് വിജിലന്‍സ് രാജാണെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതിയുടെയും നിയമസഭയുടെയും പരിധിയിലും പരിഗണനയിലുമുള്ള കാര്യങ്ങളില്‍ പോലും വിജിലന്‍സ് ഇടപെടുന്നു. ഇത് അംഗീകരിക്കാനാകില്ല. ഈ നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറുമായി എങ്ങനെ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. 

വിജിലന്‍സ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ധനമന്ത്രിയായിരിക്കെ കെ.എം മാണി ബാറ്ററി നിര്‍മ്മാതാക്കള്‍ക്ക് വഴിവിട്ട് നികുതി ഇളവ് നല്‍കിയെന്ന കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയിലും വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. 

ഈ കേസിന്‍റെ സാഹചര്യം അന്വേഷണോദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കണം വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി.