Asianet News Malayalam

ഡിസിപി ചൈത്ര തെരേസ ജോണിനെതിരായ നടപടി: സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം

കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന  ചൈത്ര തേരസ ജോണിൻറെ പല നടപടികളിലും തലസ്ഥാനത്തെ സിപിഎം നേതാക്കൾക്ക് നേരത്തെ അതൃപ്തിയുണ്ട്. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിൽ എൻജിഒ യൂണിയൻ നേതാക്കളെ പിടികൂടിയത് മുതൽ തുടങ്ങിയതാണ് എതിർപ്പ്. എന്നാല്‍ ബിജെപി ഹർത്താലിൽ അഴിഞ്ഞാടിയ ക്രിമിനലുകൾക്കെതിരെയും ശക്തമായ നടപടിയായിരുന്നു ചൈത്ര സ്വീകരിച്ചത്.

Wide protest against government action against chaithra theresa john
Author
Thiruvananthapuram, First Published Jan 26, 2019, 6:29 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപി ചൈത്ര തേരസാ ജോണിനെതിരായ സർക്കാർ നടപടികളിൽ വ്യാപക പ്രതിഷേധം. സ്ത്രീ സുരക്ഷയുടെ പേരിൽ വാചാലരാകുന്ന സർക്കാറിനറെ യഥാർത്ഥ മുഖം തെളിഞ്ഞെന്ന് പ്രതിപക്ഷനേേതാവ് വിമർശിച്ചു. അതേ സമയം ചൈത്രയുടെ നടപടി മാധ്യമ ശ്രദ്ധ നേടാനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. 

കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന  ചൈത്ര തേരസ ജോണിൻറെ പല നടപടികളിലും തലസ്ഥാനത്തെ സിപിഎം നേതാക്കൾക്ക് നേരത്തെ അതൃപ്തിയുണ്ട്. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിൽ എൻജിഒ യൂണിയൻ നേതാക്കളെ പിടികൂടിയത് മുതൽ തുടങ്ങിയതാണ് എതിർപ്പ്.  ജില്ലാ കമ്മിറ്റി ഓഫീസിൽ ബുധനാഴ്ച അർദ്ധരാത്രി റെയ്ഡ് നടത്തിയതോടെ ജില്ലാ സെക്രട്ടറി തന്നെ പരാതിയുമായി മുഖ്യന്ത്രിയെയും ഡിജിപിയെയും സമീപിക്കുകയായിരുന്നു.  

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ചൈത്രയോട് വിശദീകരണം തേടിയതും അന്വേഷണത്തിന് ഡിജിപി കമ്മീഷണറെ ചുമതലപ്പെടുത്തിയതുമാണ് വിവാദത്തിലായത്. വുമൺസ് സെൽ എസ്പിയായ ചൈത്ര ഡിസിപിയുടെ അധിക ചുമതലയിലായിരുന്നു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ ഡിസിപി ആദിത്യ തിരിച്ചെത്തിയതും റെയ്ഡിന്‍റെ പിറ്റേന്നാണ്. 

ചൈത്രയുടെ ചുമതലമാറ്റമടക്കം വലിയ ചർച്ചയായി. .ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥക്കെതിരെ സാമാന്യമര്യാദപോലും കാണിക്കാതെ സർക്കാർ നടപടി എടുത്തുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും എന്ത് സംരക്ഷണവും സർക്കാറിൽ നിന്നും കിട്ടുമെന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല വിമർശിച്ചു. എന്നാല്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഡിസിപി ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ ആരോപണം. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടു തലേദിവസം നടന്ന റെയ്ഡില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. 

റിപ്പബ്ലിക് ദിനത്തിൽ ചൈത്രക്കൊരു സല്യൂട്ട്, ക്രിമിനലുകളെ തേടി പാർട്ടി ഓഫീസ് വരെ പോകാൻ കാണിച്ച് ധൈര്യം..തുടങ്ങി ചൈത്രയെ പിന്തുണച്ചും സർക്കാറിനെ കണക്കിന് വിമർശിച്ചുമുള്ള പോസ്റ്റുകളാണ്സമൂഹമാധ്യമങ്ങളിൽ നിറയെ. വിവാദങ്ങളോടൊന്നും ചൈത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. സർക്കാർ നടപടികളിൽ ഐപിഎസ് അസോസിയേഷനും അതൃപ്തിയുണ്ട്. 

ബിജെപി ഹർത്താലിൽ അഴിഞ്ഞാടിയ ക്രിമിനലുകൾക്കെതിരെയും ശക്തമായ നടപടിയായിരുന്നു ചൈത്ര സ്വീകരിച്ചത്. അതിനിടെ രണ്ട് ദിവസത്തിനുള്ളിൽ റെയ്ഡിനെ കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാകും തുടർനടപടി. കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ കൂടുതൽ പ്രതിച്ഛായ നഷ്ടമുണ്ടാകുമെന്ന ആശങ്കയും സർക്കാറിന് മുന്നിലുണ്ട്.

"

 

Follow Us:
Download App:
  • android
  • ios