ഇടുക്കി: വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അയല്‍വാസി തൊടുപുഴയില്‍ അറസ്റ്റിലായി. ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് കാഞ്ഞാര്‍ പൊലീസിന്റെ പിടിയിലായത്. വിധവയും 38 വയസുകാരിയുമായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് സാനു ജോസഫിനെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ചെപ്പുകുളം സ്വദേശിയായ സാനു അയല്‍വാസിയായ സ്ത്രീയെയാണ് പീഡിപ്പിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ആറ് മണിയോടെ ചെപ്പുകുളത്ത് ബസിറങ്ങിയ സ്ത്രീയെ സാനു ജോസഫ് കാറില്‍ പിടിച്ചുകയറ്റി. കരിമണ്ണൂരിലുള്ള ഇയാളുടെ മെഴുക് തിരി നിര്‍മ്മാണ യൂണിറ്റിലെത്തിച്ച് പീഡനത്തിനിരയാക്കി. പിറ്റേന്നാണ് സ്ത്രീയെ വിട്ടയക്കുന്നത്. ഇവര്‍ പൊലീസില്‍ പരാകി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

കാഞ്ഞാര്‍ പൊലീസും കരിമണ്ണൂര്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കരിമണ്ണൂരില്‍നിന്ന് പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് 40കാരനായ സാനു ജോസഫ്. സ്ത്രീയ തട്ടിക്കൊണ്ടുപോകാന്‍ സാനുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.