കൊല്ലം: കൊല്ലം കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു. പടപ്പക്കര സ്വദേശി ഷാജിയെയാണ് ഭാര്യ കൊന്നത്. കഴിഞ്ഞമാസം 24 നാണ് ഷാജിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ഭാര്യ ആശ ആദ്യം അറിയിച്ചത്. കുണ്ടറ മുന്‍ എസ്.ഐയും സിഐയും നടത്തിയ അന്വേഷണത്തിലും ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പത്ത് വയസുകാരി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 24ന് രാത്രി മദ്യം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല ചെയ്യുകയായിരുന്നു. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമാണെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് സി ഐയും എസ്‌ ഐയും അവഗണിക്കുകയായിരുന്നു. കേസില്‍ വ്യക്തമായ അന്വേഷണവും നടത്തിയില്ല. ഭാര്യ ആശയുടെ അറസ്റ്റ് കുണ്ടറ പൊലീസ് രേഖപ്പെടുത്തി.