കൊല്‍ക്കത്ത: പൊലീസ് കണ്ടെത്തുമ്പോള്‍ ആളുകളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ അമ്മയും കുഞ്ഞും. അഞ്ച് വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റമുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു മഞ്ജുവും മകളും. ഒടുവില്‍ ഏറെ നേരം സംസാരിക്കേണ്ടി വന്നു പൊലീസിന്, അമ്മയും മകളെയും വീടിന് വെളിയിലെത്തിക്കാന്‍. 

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. 36 കാരി മഞ്ജു മണ്ഡലിനെ ഭര്‍ത്താവ് മാനോബേന്ദ്ര മണ്ഡല്‍ 11 വയസുളള മകള്‍ക്കൊപ്പം കഴിഞ്ഞ അഞ്ചു വര്‍ഷമായി വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സഹോദരിയെയും കുഞ്ഞിനെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്‍റെ സഹോദരന്‍ നിഖില്‍ സര്‍ക്കാര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ പുറംലോകം കാണുന്നത്.

ഒരു വര്‍ഷത്തോളമായി മഞ്ജുവമായി ബന്ധപ്പെടാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പൊലീസെത്തുമ്പോള്‍ വീട് പുറമെ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സൂര്യപ്രകാശം പോലും അകത്ത് കടക്കാത്ത വിധം ജനാലകളും വാതിലും പുറത്ത് നിന്ന് അടച്ചു പൂട്ടിയ ഒരു മുറിയിലായിരുന്നു അമ്മയും കുട്ടിയും.

ഏറെ നാളുകളായി പുറം ലോകവുമായി ബന്ധമില്ലാതിരുന്നതിനാല്‍ പൊലീസ് രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഏറെ നേരം സംസാരിച്ച ശേഷമാണ് യുവതിയെയും കുട്ടിയെയും പുറത്തിറക്കാന്‍ സാധിച്ചത്. എന്നാല്‍ ഭര്‍ത്താവിനെതിരെ പരാതിപ്പെടാനോ കേസ് കൊടുക്കാനോ മഞ്ജു തയ്യാറായില്ല. 

മാനോബേന്ദ്ര മണ്ഡല്‍ മറ്റൊരു വിവാഹം നടത്തിയതായി മഞ്ജുവിന്‍റെ സഹോദരന്‍ ആരോപിക്കുന്നു. ഇയാള്‍ക്ക് സമൂഹവുമായി ബന്ധം കുറവായിരുന്നെന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു. വീട് പൂട്ടിയിട്ടാണ് ഇയാള്‍ പുറത്ത് പോയിരുന്നത്. ദമ്പതികളുടെ മകളെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തങ്ങള്‍ അവസാനം കണ്ടതെന്നും അയല്‍വാസികള്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിനിടയില്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ മഞ്ജുവിനും സാധിച്ചിട്ടില്ല. മാനോബേന്ദ്ര മണ്ഡല്‍ ഒളിവിലാണ്.