മുംബൈ: 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍ പിടിയിലായത് 60 കാരിയായ ഭാര്യ. 2006 മേയ് 14 നാണ് മഹാരാഷ്ട്രയിലെ നാഗപടയില്‍ നിന്ന് പൊലീസിന് തലയില്ലാത്ത ഒരു മൃതദേഹം ലഭിച്ചത്.
ശരീരം ആരുടേതെന്ന് വ്യക്തമായില്ലെങ്കിലും കൊലയാളികളെ കുറിച്ച് പൊലീസിന് ചെറിയ സൂചന ലഭിച്ചിരുന്നു. രണ്ട് കച്ചവടക്കാരാണ് കൊലയാളികള്‍ എന്നതായിരുന്നു സൂചന. കച്ചവടക്കാരുടെ ഇടയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറാസറ്റ് അലി ഷായും ഇര്‍ഷാദ് അലി ഷായും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ മനസിലായത്.
കൊല്ലപ്പെട്ടത് കിസാന്‍ കര്‍വ എന്നായാളാണെന്നും ഇവരുടെ ഭാര്യ ബെന്‍സിബെന്‍ കര്‍വയാണ് കൊലപാതകത്തിനായി പണം നല്‍കിയതെന്നും പൊലീസിനോട് ഫിറാസറ്റ് അലി ഷായും ഇര്‍ഷാദ് അലി ഷായും വെളിപ്പെടുത്തി. മദ്യപാനിയായ ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് ബെന്‍സിബെന്‍ കൊലപാതകത്തിനായി പണം നല്‍കിയത്. രണ്ടുലക്ഷം രൂപയാണ് ഭര്‍ത്താവിനെ കൊല്ലാനായി ബെന്‍സിബെന്‍ ഇവര്‍ക്ക് നല്‍കിയത്.
