ഭര്‍ത്താവിന്‍റെ ശമ്പളമറിയാന്‍ ഭാര്യക്ക് അവകാശമുണ്ട്, അപൂര്‍വ വിധിയുമായി ഹൈക്കോടതി

ഭോപ്പാല്‍: ഭര്‍ത്താവിന്‍റെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ അപൂര്‍വ വിധിന്യായം. ജസ്റ്റിസ് എസ്കെ സേഥും നന്ദിത ഡൂബിയും അധ്യക്ഷരായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സുനിത ജെയിന്‍ എന്ന യുവതിയുടെ ഹര്‍ജിയിന്‍മേലാണ് നടപടി. ജീവനാംശം കൂടുതല്‍ ആവശ്യപ്പെട്ടായിരുന്നു യുവതി ഹര്‍ജി നല്‍കിയത്.

ബിഎസ്എന്‍എല്ലില്‍ ഉയര്‍ന്ന സ്ഥാനത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഏഴായിരം രൂപയാണ് ജീവനാംശം നല്‍കുന്നതെന്നും വലിയ ശമ്പളം ഉണ്ടായിട്ടും ഇത്ര ചെറിയ തുക മാത്രമാണ് ലഭിക്കുന്നതെന്നും ശമ്പളം എത്രയാണെന്ന് തനിക്ക് അറിയില്ലെന്നും കാണിച്ചായിരുന്നു യുവതിയുടെ ഹര്‍ജി. എന്നാല്‍ ഈ ഹര്‍ജി വിചാരണ കോടതി തള്ളി.

ഭര്‍ത്താവിന്‍റെ സാലറി സ്ലിപ്പ് ലഭിക്കാതെ നടപടി സാധ്യമല്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം ശമ്പളം എത്രയാണെനന് വിവരം നല്‍കാന്‍ യുവതി ആവശ്യപ്പെട്ടു. വിവരം നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ബിഎസ്എന്‍എല്ലിനോട് നിര്‍ദ്ദേശിച്ചതോടെ ഭര്‍ത്താവ് പന്‍ ജെയിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഭാര്യക്ക് ശമ്പളം അരിയാന്‍ അവകാശമുണ്ടെന്ന് ഇപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.