കൊല്‍ക്കത്ത: 82 കാരനായ ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് ഭാര്യ കൂട്ടിരുന്നത് നാല് ദിവസങ്ങള്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കൊല്‍ക്കത്തയിലെ ഹരിദേവ്പുരിലെ ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് അമര്‍ കുമാര്‍ സന്യാലിന്‍റെ മൃതദേഹം ശനിയാഴ്ച പൊലീസ് കണ്ടെടുത്തത്.

പൊലീസ് എത്തുമ്പോള്‍ ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് സമീപത്തായി ഇവര്‍ ഇരിക്കുകയായിരുന്നു. മൃതദേഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ ഉത്തരം നല്‍കിയതുമില്ല, ചോദ്യങ്ങള്‍ക്ക് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. അയല്‍ക്കാരുമായി അടുത്ത് ഇടപെഴുകാത്ത ഇവര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ താമസം ആരംഭിച്ചത്.

വീടിന് മുന്‍പില്‍ നിന്ന് പത്രങ്ങള്‍ ദിവസങ്ങളായി എടുക്കാത്തതിനെ തുടര്‍ന്ന് ദമ്പതികളുടെ മരുമകളെ അയല്‍ക്കാര്‍ വിവരമറിയിച്ചു. ഇവരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.