ദുബായ്: ഭര്‍ത്താവിന് വൃത്തിയില്ലെന്ന് ആരോപിച്ച് വിവാഹമോചനം തേടി യുവതി കോടതില്‍. യു.എ.ഇയിലെ അല്‍ഐനിലാണ് സംഭവം. ഭര്‍ത്താവ് അല്‍പ്പം പോലും വ്യക്തി ശുചിത്വം പാലിക്കുന്നില്ലെന്നും വീട്ടില്‍ നിന്ന് പുറത്തേയ്‌ക്ക് പോകുമ്പോള്‍ ഒരുങ്ങാറില്ലെന്നും ആരോപണമുണ്ട്. ഇതിന് പുറമെ തന്നെ അമിതമായി ആശ്രയിക്കുന്നുവെന്നും ഭര്‍ത്താവിന്റെ പെരുമാറ്റം മോശമാണെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി 'അല്‍ ഖലീജ്' റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം താന്‍ സമാധാനത്തോടെ ജീവിക്കുകയായിരുന്നുവെന്നും ഇതിനിടിയിലേക്ക് കടന്നുവന്ന മറ്റൊരാളാണ് തന്നെക്കുറിച്ച് അപവാദം പറഞ്ഞ് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വാദം. പിരിയാനുള്ള കാര്യങ്ങള്‍ ഭാര്യ വെറുതെ കണ്ടെത്തുകയാണെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭര്‍ത്താവുമായി പിരിഞ്ഞാല്‍ കൂടുതല്‍ നല്ല ജീവിതം ഉണ്ടാകുമെന്ന ധാരണയില്‍ വിവാഹമോചനം തേടുന്ന സ്‌ത്രീകളുടെ എണ്ണം യു.എ.ഇയില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. വിവിധ തലങ്ങളിലുള്ള കൗണ്‍സിലിങുകള്‍ക്ക് ശേഷം മാത്രമേ യു.എ.ഇ നിയമം അനുസരിച്ച് കോടതി വിവാഹമോചനം അനുവദിക്കുകയുള്ളൂ.