വയനാട്: കേണിച്ചിറ ടൗണിലെ ലോഡ്ജിലും ഹോട്ടലിനുള്ളിലും കാട്ടുപന്നിയുടെ വിളയാട്ടം. കൃഷിയിടങ്ങളില്‍ സ്ഥിരമായി പന്നിക്കൂട്ടങ്ങള്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ പന്നിയെത്തുന്നത്. ലോഡ്ജിന്റെ ഒന്നാംനിലയില്‍ കയറിയ പന്നി ഏറെ നേരെ പരിഭ്രാന്തി പരത്തിയ ശേഷമാണ് തിരികെ ഇറങ്ങിയത്. 

കേണിച്ചിറ ടൗണില്‍ നിന്ന് എട്ട് കിലോമീറ്ററോളം അകലെയാണ് കാട് എങ്കിലും ടൗണിലും പരിസരത്തും സ്ഥിരമായി പന്നിയെത്താറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ആളുകള്‍ നോക്കി നില്‍ക്കെ പനമരംബീനാച്ചി റോഡിലൂടെയെത്തിയ പന്നി കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് കയറി പോകുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെ കെട്ടിടത്തിനുള്ളില്‍ പരക്കംപായാന്‍ തുടങ്ങി. 

ഗ്ലാസ് ജനാല വഴി ചാടി രക്ഷപ്പെടാനും ശ്രമം നടത്തി. ഏറെ നേരത്തിന് ശേഷം രക്ഷപ്പെടാന്‍ മറ്റുവഴികളില്ലെന്ന് കണ്ട് ഗോവണി വഴി തന്നെ താഴെയിറങ്ങി കൂടി നിന്ന ആളുകള്‍ക്കിടയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഓടിമാറിയതിനാല്‍ ആളുകള്‍ക്കാര്‍ക്കും പരിക്കേറ്റില്ല. 

ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പന്നികളെ പേടിച്ച് പലരും കൃഷി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടവയലില്‍ ഒരാളെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.