ആറന്മുള വിമാനത്താവളത്തിനായുള്ള ഡ്രോൺ സർവേയെ തുടർന്ന് റവന്യൂ വകുപ്പിലും തിരക്കിട്ട നീക്കം. ഫയലുകൾ അനൗദ്യോഗികമായി പരിശോധിച്ചു. അതുവഴി സർവേ നമ്പറുകൾ തരപ്പെടുത്തിയാണ് എബ്രഹാം കലമണ്ണിൽ സർവേയ്ക്ക് ഇറങ്ങിയത്. 

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ ഏബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ. റവന്യൂ വകുപ്പിലെ ഫയലുകൾ ഇതിനായി അനൗദ്യോഗികമായി പരിശോധിച്ച് സർവേ നമ്പറുകൾ തരപ്പെടുത്തി ആയിരുന്നു സർവേ. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും ഏബ്രഹാം കലമണ്ണിലിന് ഉണ്ട്. പരിസ്ഥിതി ആഘാത പഠനത്തിന് അംഗീകൃത ഏജൻസിയെ എത്തിക്കാനും നീക്കം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചായിരുന്നു ഭൂവുടമ ഏബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയത്. രണ്ടാംഘട്ട സർവേയ്ക്കായി സ്വകാര്യ ഏജൻസി വീണ്ടും എത്തും. നിലവിൽ പദ്ധതി മേഖലയിൽ തൻ്റെ പക്കൽ 400 ഏക്കർ ഭൂമിയുണ്ടെന്നും ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണമെന്ന് ഏബ്രഹാം കലമണ്ണിൽ പറയുന്നു. ആരെയും കുടിയൊഴിപ്പിക്കാതെ, ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെ പദ്ധതി യാഥാർത്ഥ്യമാക്കാമെന്നും ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർവേ നടത്തിയതെന്നാണ് യുഡിഎഫ് സർക്കാർ പദ്ധതിക്ക് അനുകൂലമാണെന്നും ഭൂവുടമ അവകാശപ്പെടുന്നു.

2004ലാണ് ഏബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചത്. വി എസ് സർക്കാരിൻ്റെ കാലയളവിൽ തത്വത്തിൽ അനുമതി ലഭിച്ചു. 2011ൽ അധികാരമേറ്റ ഉമ്മൻ ചാണ്ടി സർക്കാർ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. എന്നാൽ പദ്ധതിക്കെതിരെ ആറന്മുളയിൽ വലിസ ജനകീയ പ്രക്ഷോഭം ഉണ്ടായി. 2014ൽ ഹരിത ട്രൈബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കുകയും പിന്നീട് സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു. ഭൂവുടമ ഏബ്രഹാം കലമണ്ണിൻ്റെ പക്കലുള്ള ഭൂമിയടക്കം മിച്ചഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു. ഇതിനെതിരായ കേസുകൾ ഹൈക്കോടതി നടക്കുന്നുണ്ട്.

അതേസമയം പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് സിപിഎമ്മും ബിജെപിയും പ്രഖ്യാപിച്ചു. ഭരണതലത്തിൽ ഭൂമാഫിയക്കാർ ഇറങ്ങിയാൽ സമാനതകളില്ലാത്ത പ്രതിഷേധം കാണേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.