ഇടുക്കി: അര്‍ധരാത്രിയില്‍ കാട്ടുപോത്ത് വീട്ടിനുള്ളില്‍ ചാടിവീണു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇടുക്കി മറയൂരിലാണ് സംഭവം. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന രാംകുമാറും മേനകയുമാണ് അത്ഭുതമായി രക്ഷപെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ വിരണ്ട കാട്ടുപോത്ത് അബദ്ധത്തില്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടുകയായിരുന്നു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നാണ് വീടിനുള്ളില്‍ വീണത്.

കാട്ടുപോത്തിന്റെ വീഴ്ചയില്‍ വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റു വസ്തുക്കളും നശിച്ചു. ഈ സമയം സമീപത്ത് മുറിയില്‍ ഉറങ്ങുകയായിരുന്നു ദമ്പതികള്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തിയെങ്കിലും കാട്ടുപോത്തിനെ പുറത്തേക്കു വിടാന്‍ സമീപവാസികള്‍ സമ്മതിച്ചില്ല. വര്‍ഷങ്ങളായി കാട്ടുപോത്തുകള്‍ പ്രദേശത്തെത്തി നാശമുണ്ടാക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

അതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി വീടിന്  കേടുപാട് വരുത്തിയതിന്റെ നഷ്‌ടപരിഹാരം നല്‍കിയാല്‍ മാത്രമേ കാട്ടുപോത്തിനെ പുറത്തുവിടാന്‍ സമ്മതിക്കൂവെന്നാണ് ഇവരുടെ നിലപാട്.