ഹൈറേഞ്ച് ജനതയുടെ ഉറക്കം കെടുത്തി കാട്ടാന ആക്രമണം ഇന്ന് രാവിലെ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ഇടുക്കി: കാലവര്‍ഷത്തിനൊപ്പം കാട്ടാനയുടെ ആക്രമണവും ഇടുക്കിയില്‍ ഹൈറേഞ്ച് ജനതയുടെ ഉറക്കം കെടുത്തുന്നു. പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഞായറാഴ്ച രാവിലെ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി ദേശിയപാത ഉപരോധിച്ചു. വനത്തിനുള്ളില്‍ കാട്ടനകള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍.

കലിതുള്ളുന്ന കാലവര്‍ഷത്തിനൊപ്പം മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കാട്ടാനയുടെ ആക്രമണം രൂക്ഷമായതാണ് ഹൈറേഞ്ച് ജനതയുടെ ഉറക്കം കെടുത്തുന്നത്. ഇന്ന് രാവിലെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് ബോഡി നായ്ക്കന്നൂര്‍ സ്വദേശിയായ വേലു കൊല്ലപ്പെട്ടു. പൂപ്പാറ മൂലത്തറയിലെ ഏലത്തോട്ടത്തില്‍ വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതക്ക് സമീപമുള്ള എസ്റ്റേറ്റ് ലയത്തില്‍ നിന്നും രാവിലെ എട്ടുമണിയോടെ വേലു തോട്ടത്തിലേക്ക് പോകുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ വേലു സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത ഉപരോധിച്ചു. പോയവര്‍ഷങ്ങളില്‍ വേനല്‍ കനക്കുന്നതോടെയായിരുന്നു കാട്ടാനയുടെ ആക്രമണം രൂക്ഷമായിരുന്നതെങ്കില്‍ ഇത്തവണ കനത്ത മഴയത്തു പോലും കാട്ടാന ജനവാസമേഖലയില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല. പഴയ ആനത്താരകളിലൂടെ കാട്ടാനയുടെ സഞ്ചാരം വര്‍ധിച്ചതും ഭക്ഷണത്തിന്റെ ലഭ്യത കുറവുമാണ് കാട്ടനകളെ ജനവാസമേഖലകളില്‍ തന്നെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

വനത്തിനുള്ളില്‍ കാട്ടനകള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി ബുള്‍ബേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ 33 ഓളം ജീവനുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞതായാണ് കണക്ക്.ഏതാനും ദിവസങ്ങള്‍ മുമ്പ് അടിമാലി കുളമാംകുഴിയില്‍ കാട്ടനകള്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു. കലി തുള്ളുന്ന കാലവര്‍ഷത്തിനൊപ്പം കാട്ടനയെക്കൂടി ഭയന്നാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളില്‍ കുടുംബങ്ങള്‍ ജീവിതം തള്ളി നീക്കുന്നത്.