വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ബത്തേരിക്കടുത്ത് നൂല്‍പ്പുഴ പഞ്ചായത്തില്‍ വടക്കനാട് അമ്പതേക്കര്‍ കോളനിയിലെ കരിയന്‍ (50) ആണ് മരിച്ചത്. പാത്തൂര്‍ കുറിച്ച്യാട് റെയ്ഞ്ചിലാണ് ഇദ്ദേഹം വാച്ചറായി ജോലി ചെയ്യുന്നത്. 

വൈകുന്നേരം ആറുമണിയോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ക്യാമ്പിലേക്ക് പോകുകയായിരുന്ന കരിയനെ ഉള്‍ക്കാട്ടില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. കൊലപ്പെടുത്തിയ സ്ഥലത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പിന്നിട്ടിട്ടും മൃതദേഹം മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി.