മലപ്പുറം: മലപ്പുറം നിലമ്പൂരിലെ വനമേഖലക്ക് അടുത്തു കിടക്കുന്ന കൃഷിയിടങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. വഴിക്കടവ് പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപ്പൊയില്‍ ആനമറി പ്രദേശത്താണ് കാട്ടാനയിറങ്ങിയത്. അര്‍ദ്ധരാത്രിക്ക് ശേഷം എത്തിയ കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴകൃഷി ഏകദേശം പൂര്‍ണ്ണമായി നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിംങ്ങും ട്രഞ്ചും തകര്‍ന്ന അവസ്ഥയിലാണ്. ഇവ നന്നാക്കാനുള്ള നാട്ടുകാരുടെ അപേക്ഷിയില്‍ വനംവകുപ്പ് തീരുമാനവും എടുത്തില്ല.
വന്യജീവികളുടെ ആക്രമണം തടയാന്‍ കര്‍ഷകര്‍ കഴിഞ്ഞ ദിവസം കൂട്ടായ്മ രുപീകരിച്ചിരുന്നു. കമ്പി വേലി നന്നാക്കാന്‍ നിലമ്പുര്‍ എം എ ല്‍ എയുടെ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വനം വകുപ്പ് കൂടുതല്‍ തുക അനുവദിച്ച് സുരക്ഷ സംവിധാനങ്ങല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ ബാക്കിയുള്ള കൃഷി കൂടി കാട്ടാനകള്‍ അടക്കമുള്ള വന്യജീവികള്‍ നശിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു അധികൃതര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സമരപരിപാടികള്‍ തുടങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
