സന്നിധാനം: യുവതീദര്‍ശനം സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. പമ്പ പൊലീസിനോട് സ്ഥിരീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കയറിയിട്ടുണ്ടെങ്കില്‍ നിയമപരമായി അതില്‍ തെറ്റില്ല, ആചാരപരമായ കാര്യങ്ങള്‍ എന്താണെന്ന് തന്ത്രിയാണ് തീരുമാനിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചാല്‍ ആവശ്യമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്നും പന്തളം കൊട്ടാരം പ്രതികരിച്ചു. തന്ത്രിയും മേൽശാന്തിയും ദേവസ്വം ബോര്‍ഡംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച ശേഷം പ്രതികരണമെന്ന് തന്ത്രി വിശദമാക്കി.

ഇന്ന് പുലര്‍ച്ചയോടെയാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. പുലര്‍ച്ചെ 3.45ഓടെയാണ്  യുവതികൾ മലകയറി ദര്‍ശനം നടത്തിയത്. ചെറിയ ഒരു സംഘം പൊലീസ് മഫ്തിയിൽ ഇവരെ അനുഗമിക്കുകയായിരുന്നു.