എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ അന്വേഷണ സംഘം വീണ്ടും തെളിവെടുത്തു

കൊച്ചി: ഓർത്തഡോക്സ് സഭ വൈദികർക്കെതിരായ ബലാൽസംഗക്കേസിൽ അന്വേഷണം പത്ത് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ അന്വേഷണ സംഘം വീണ്ടും തെളിവെടുത്തു. ദേശീയ വനിതാ കമ്മീഷൻ നാളെ യുവതിയുടെ മൊഴിയെടുക്കും.

വൈദികർക്കെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ ലെ മെറിഡിയൻ ഹോട്ടലിൽ യുവതിയുമായി അന്വേഷണ സംഘം തെളിവെടുത്തത്. ദില്ലിയിലെ വൈദികനായ ജെയ്സ് കെ ജോർജുമായി യുവതി താമസിച്ചതിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു. 

പരാതിക്കാരന്റെയും ഭാര്യയുടേയും മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. അതിനിടെ യുവതിയുടെ വീട്ടിലെത്തി ദേശീയ വനിതാ കമ്മീഷൻ നാളെ മൊഴിയെടുക്കും