Asianet News MalayalamAsianet News Malayalam

ശബരിമലയിൽ ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നു; ശശികുമാർ വർമ്മ

സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ശശികുമാര്‍ വര്‍മ്മ 

will get a favoring decision from court says pandalam palace representative
Author
Pandalam, First Published Feb 6, 2019, 9:55 AM IST

പന്തളം: ശബരിമല ഹർജികളിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന്  പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻറ് പി ജി ശശികുമാർ വർമ്മ. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉൾകൊണ്ടതായി കരുതുന്നുവെന്ന് ശശികുമാർ വർമ്മ പറഞ്ഞു. നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ ഇത് എത്തുമെന്നും ശശികുമാർ വർമ്മ പറഞ്ഞു. സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. 

ശബരിമല കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനപരിശോധന ഹര്‍ജികൾക്കൊപ്പം റിട്ട് ഹര്‍ജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങൾ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയിൽ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായിരുന്നതിനാൽ പുനപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം നീണ്ടുപോയി.

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്നത്തെ കോടതി നടപടികൾ നിര്‍ണായകമാകും. യുവതി പ്രവേശനത്തോട് യോജിക്കുന്ന ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയിൽ ഉറച്ചുനിന്നാൽ എല്ലാ ഹര്‍ജികളും തള്ളിപ്പോകും. അതല്ല, കേസ് വിശദമായി വീണ്ടും വാദം കേൾക്കാം എന്ന് കോടതി തീരുമാനിക്കുകയാണെങ്കിൽ കേസിലെ കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കും. അതോടെ സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയാകും. അതല്ല വിപുലമായ ഭരണഘടന ബെഞ്ച് കേസ് പരിശോധിച്ച് തീരുമാനിക്കട്ടേ എന്ന് വന്നാൽ രണ്ട് ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് മാറാം. 

വിശ്വാസത്തിനുള്ള ഭരണഘടന അവകാശം സംരക്ഷിക്കുന്നതല്ല വിധി എന്നാണ് ഏതാണ്ട് എല്ലാ ഹര്‍ജികളിലും പറയുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുകുൾ റോത്തക്കി, കപിൽ സിബൽ തുടങ്ങി സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിര്‍ന്ന അഭിഭാഷകരും ഇന്ന് കോടതിയിലെത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. ശബരിമലയിൽ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയ യുവതികളുടെ പുതിയ പട്ടികയും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയിൽ നൽകിയേക്കും.

Follow Us:
Download App:
  • android
  • ios