ട്രെയിൻ വൈകിയാൽ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കും ശുചിത്വസംവിധാനം മെച്ചപ്പെടുത്തും

ദില്ലി: ആഴ്ചാവസാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലം ട്രെയിൻ വൈകിയാൽ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ​ഗോയൽ. ആഴ്ചതോറും ട്രെയിനുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ‍ആ സമയത്ത് യാത്രക്കാർ ബുദ്ധിമുട്ടിലാകരുതെന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹി പ്രസ്സ് ഇൻഫോർ‌മോഷൻ ബ്യൂറോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

അതേസമയം ട്രെയിനുകൾ കൃത്യസമയം പാലിക്കേണ്ടതിന്റെ നടപടികളിൽ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. എന്തുകൊണ്ടാണ് ട്രെയിൻ വൈകിയോടുന്നത് എന്ന കാര്യത്തെക്കുറിച്ച് പരിശോധിക്കാറുണ്ട്. ജൂൺ 16 ന് സൗത്ത് സെൻട്രൽ റെയിൽവേയുടെ പ്രവർത്തന സമയം 75 ശതമാനത്തിൽ നിന്ന് 85 ശതമാനമായി ഉയർന്നിട്ടുണ്ട്. അ​ലഹബാദ്, മു​ഗൾ സരാ​ദ് എന്നിവിടങ്ങളിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ അരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മാർച്ച് 31 മുതൽ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കുമെന്നും ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പിയൂഷ് ​ഗോയൽ ഉറപ്പു നൽകി.