ഇസ്ലാമാബാദ്: വെല്ലുവിളിക്കരുതെന്ന് ഇന്ത്യയോട് പാകിസ്ഥാൻ. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ പാകിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി ആവശ്യപ്പെട്ടു. 

എന്ത് ആക്രമണമുണ്ടായാലും പാകിസ്ഥാൻ തിരിച്ചടിക്കാൻ സ‍ർവസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഷാ മഹ്‍മൂദ് ഖുറേഷി വ്യക്തമാക്കി.

ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ സൈന്യം ആദ്യം ട്വീറ്റ് ചെയ്യുന്നത് ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയ്ക്കാണ്. അതായത് 3.45 മുതൽ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി ഒരു മണിക്കൂറിന് ശേഷം. 

ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്നാണ് ആദ്യം പാകിസ്ഥാൻ അവകാശപ്പെട്ടത്. പാക് സൈന്യം ഉടനെത്തന്നെ തിരിച്ചടിച്ചു. ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പോയി. മറ്റ് വിവരങ്ങൾ ഉടൻ പുറത്തു വിടാം എന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

പിന്നീട് രാവിലെ ഏഴ് മണിയോടെ, പാക് അധീനകശ്മീരിലല്ല, മുസഫറാബാദ് സെക്ടറിലേക്ക് തന്നെ ഇന്ത്യൻ വിമാനങ്ങൾ എത്തിയെന്ന് പാകിസ്ഥാൻ സ്ഥിരീകരിക്കുന്നു. പാക് സൈന്യം തിരിച്ചടിച്ചതോടെ പേ ലോഡ് പെട്ടെന്ന് താഴേക്കെറിഞ്ഞ് ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പറന്നെന്ന് പറഞ്ഞ പാകിസ്ഥാൻ ഇന്ത്യയുടെ വിമാനങ്ങളുടെ പേ ലോഡ് താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.

പക്ഷേ, ആളപായമോ, നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്ഥാൻ ആവർത്തിക്കുന്നത്. നയതന്ത്രചരിത്രം വച്ച് സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പാകിസ്ഥാൻ അംഗീകരിച്ചിട്ടില്ല.