രണ്ട്- മൂന്ന് ദിവസം മുന്‍പ് കര്‍ണാടകയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വിമാനം പൊടുന്നനെ 8000 അടിയോളം താഴേക്ക് പതിച്ചു. എല്ലാം അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്.

ദില്ലി: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ കൈലാസവും മാനസസരോവരവും സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞായറാഴ്ച്ച ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് തീര്‍ത്ഥയാത്രയ്ക്ക് പോകാന്‍ അദ്ദേഹം പ്രവര്‍ത്തകരുടെ അനുമതി തേടിയത്. 

രണ്ട് ദിവസം മുന്‍പ് ദില്ലിയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തില്‍ അപകടകരമായ രീതിയില്‍ സാങ്കേതികപ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ യാത്രയ്ക്ക് ശേഷമാണ് കൈലാസം സന്ദര്‍ശിക്കണമെന്ന തോന്നലുണ്ടായതെന്ന് രാഹുല്‍ പറയുന്നു. രാഹുലിന്റെ വാക്കുകള്‍..... രണ്ട്- മൂന്ന് ദിവസം മുന്‍പ് കര്‍ണാടകയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ചില പ്രശ്‌നങ്ങളുണ്ടായി. ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വിമാനം പൊടുന്നനെ 8000 അടിയോളം താഴേക്ക് പതിച്ചു. എല്ലാം അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ രക്ഷപ്പെട്ടു.ഈ സംഭവത്തിന് ശേഷമാണ് കൈലാസവും മാനസസരോവരും സന്ദര്‍ശിക്കണമെന്ന ആഗ്രഹം വന്നത്. കര്‍ണാടകയിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം 10-15 ദിവസത്തെ അവധിയെടുത്ത് തിബറ്റില്‍ പോയി വരാനാണ് ഞാന്‍ ആലോചിക്കുന്നത്. അതിനുള്ള അനുമതി നിങ്ങളെനിക്ക് തരണം.... തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു. 

രാഹുലിന്റെ വിമാനം നേരിട്ട സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അട്ടിമറി സാധ്യത ആരോപിച്ച് രംഗത്തു വന്നിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയും രാഹുലിന്റെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ചൈനയില്‍ സന്ദര്‍ശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെലിഫോണ്‍ വഴി രാഹുലിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു.