ലണ്ടൻ: 20 വർഷം മുന്പ് പാരീസിൽ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോൺ കോൾ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും. തിടുക്കത്തിൽ അവസാനിപ്പിച്ച ആ ഫോൺസംഭാഷണത്തെ ചൊല്ലി ജീവിതത്തിൽ ദുഃഖിക്കുകയാണെന്നും രാജകുമാരന്മാർ പറഞ്ഞു.
ഡയാനയുടെ വേർപാടിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി ബാൽമോർ കൊട്ടാരത്തിൽ ഐടിവി നെറ്റ്വർക്ക് നടത്തിയ പരിപാടിയിലാണ് ഇരുവരും ഓർമകൾ പങ്കുവെച്ചത്.
1997 ഓഗസ്റ്റ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാനയുടെ അന്ത്യം. വില്യമിന് പതിനഞ്ചും ഹാരിക്ക് പന്ത്രണ്ടും ആയിരുന്നു അന്ന് പ്രായം. കാറപകടത്തിന് തൊട്ടുമുന്പ് ഡയാന ഇരുവരേയും വിളിച്ചിരുന്നു. എന്നാൽ കളിസ്ഥലത്ത് നിന്നു ഓടിയെത്തി വേഗത്തിൽ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു. അമ്മയോട് എന്താണ് സംസാരിച്ചതെന്ന് വ്യക്തമായി ഓർക്കാൻ സാധിക്കുന്നില്ലെന്നും ഹാരി പറഞ്ഞു.
വളരെ കുസൃതിക്കാരിയായിരുന്നു തങ്ങളുടെ അമ്മയെന്നും ആ ചിരിയാണ് ഇപ്പോഴും തങ്ങളുടെ മനസ്സിൽ മുഴങ്ങുന്നതെന്നും രാജകുമാരന്മാർ പറയുന്നു.
