ലോകകപ്പിന് ശേഷം വമ്പന്‍ ട്രാന്‍സ്ഫറുകള്‍ക്ക് സാധ്യത

മോസ്കോ: ഫേവറിറ്റുകളായി ലോകകപ്പിനെത്തി ഇപ്പോള്‍ സെമിയില്‍ പോലുമെത്താതെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ബ്രസീല്‍. നെയ്മര്‍ അടക്കം ടീമിലെ പല താരങ്ങളും വിമര്‍ശനങ്ങളുടെ കൂരമ്പേറ്റ് നില്‍ക്കുമ്പോള്‍ റഷ്യയില്‍ നിന്ന് തലയുയര്‍ത്തി മടങ്ങുന്ന കാനറി താരമാണ് വില്യന്‍. അത്രമാത്രം ആത്മാര്‍ഥതയോടെ കളിച്ച വില്യന്‍ മഞ്ഞപ്പടയുടെ ആരാധകരുടെ മനം കവര്‍ന്നു.

പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്ത ഒരു പ്രകടനം മാത്രം മതി വില്യന്‍റെ വില മനസിലാക്കാന്‍. ലോകകപ്പില്‍ ബ്രസീലിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചതോടെ വീണ്ടും താരങ്ങളുടെ ക്ലബ് ഭാവിയെപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ താരമായ വില്യന് വേണ്ടി വമ്പന്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണെെറ്റഡും ബാഴ്സലോണയും തമ്മില്‍ വന്‍ പോരാട്ടമാണ് നടക്കുന്നത്.

ലിയോണല്‍ മെസി നിര്‍ദേശിച്ചതനുസരിച്ച് ബാഴ്സ, വില്യനെ റാഞ്ചാനുള്ള പദ്ധതിയുമായി നീലപ്പടുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇപ്പോള്‍ ഹോസെ മൗറീഞ്ഞോയുടെ മാഞ്ചസ്റ്ററിനും വില്യനില്‍ താത്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തേ ചെല്‍സിയുടെ പരിശീലകനായിരുന്നു മൗറീഞ്ഞോ.

ആന്‍റോണിയോ മാര്‍ഷലില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് വില്യനെ മധ്യനിരയില്‍ എത്തിക്കാനുള്ള മൗറീഞ്ഞോയുടെ താത്പര്യത്തിന് പിന്നില്‍. വരുന്ന ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ചെല്‍സിയുടെ നിലപാടുകള്‍ അറിയാം. ലോകകപ്പില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച കൊളംബിയന്‍ താരം യെറി മിനയെ വായ്പ അടിസ്ഥാനത്തില്‍ ബാഴ്സയില്‍ നിന്ന് ലഭിക്കാന്‍ എവര്‍ട്ടണനും ടോട്ടനവും ശ്രമം ആരംഭിച്ചിട്ടുണ്ട്.