വിന്നി മണ്ഡേല അന്തരിച്ചു
നെല്‍സണ്‍ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടം നയിക്കാൻ മണ്ഡേലയുടെ തോളോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വിന്നിയെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
1936 സെപ്റ്റംബർ 26നായിരുന്നു വിന്നി മണ്ടേലയുടെ ജനനം. 1958ല്‍ നെല്‍സണ്‍ മണ്ടേലയെ വിവാഹം കഴിച്ചു. വിവാഹശേഷം അധികം കഴിയും മുന്നേ നെല്‍സണ്‍ മണ്ടേലയ്‍ക്ക് ഒളിവില്‍ പോകേണ്ടിയും പിന്നീട് തടവില്‍ കിടക്കേണ്ടിയും വന്നിരുന്നു. 27 വര്‍ഷത്തോളം നെല്‍സണ്‍ മണ്ടേലയ്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നപ്പോള്‍ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ മുൻ നിരയിലുണ്ടായിരുന്നത് വിന്നിയായിരുന്നു. മണ്ടേല ജയിലില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് വിന്നിയായിരുന്നു. 1992ല്‍ മണ്ഡേലയും വിന്നിയും വേര്‍പിരിഞ്ഞു. എന്നാല്‍ നിയമപരമായി വിവാഹമോചനം നടന്നത് 1996ലായിരുന്നു. അതിനാല്‍ 1994ല്‍ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായപ്പോള്‍ വിന്നി പ്രഥമ വനിതയായി. വിന്നി മണ്ഡേല സഹമന്ത്രിയായി സേവനമനുഷ്‍ഠിച്ചുണ്ട്. കല, സംസ്‍കാരം, ശാസ്‍ത്രം, സാങ്കേതിക വിദ്യ എന്നീ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്‍തിരുന്നത്. ആഫ്രിക്കൻ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
