ചെന്നൈ:  ജയലളിതയുടെ മരണം അണ്ണാ ഡിഎംകെയ്ക്ക് കേന്ദ്ര സർക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ രാത്രി തന്നെ പുതിയ സർക്കാർ അധികാരമേറ്റത്  നരേന്ദ്ര മോദിയുടെ കൂടി ഇടപെടൽ പ്രകാരമായിരുന്നു എന്നാണ് സൂചന. തമിഴ്നാട്ടിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ഭാവിയിൽ പുതിയ ധ്രുവീകരണങ്ങൾക്കുള്ള സാധ്യതകൾ തുറക്കുന്നതാണ് ജയലളിതയുടെ മരണം സൃഷ്ടിച്ച ശൂന്യത.

 1967 മുതൽ ദ്രവീഡിയൻ രാഷ്ട്രീയം തമിഴ്നാട്ടിലെ മേൽക്കോയ്മ നിലനിറുത്തുന്നു. രണ്ട് ശക്തമായ പാർട്ടികളുടെ സാന്നിധ്യം ദേശീയകക്ഷികളെ തളർത്തി. തമിഴ്നാട് രാഷ്ട്രീയം ഇന്ന് ഒരു പുതിയ ധ്രുവീകരണത്തിന്റെ പാതയിലാണ്. ജയലളിത യാത്രയായി. കരുണാനിധി രംഗം വിടുകയും സ്റ്റാലിന് ബാറ്റൺ കൈമാറുകയും ചെയ്യുമ്പോൾ എതിർപക്ഷത്തും പഴയ പ്രതാപം അവസാനിക്കുന്നു. 

ഈ വിടവ് ആര് നികത്തും എന്നത് ഇന്ത്യ ഉറ്റു നോക്കുന്നു. നരേന്ദ്ര മോദി ഇന്നു രാജാജി ഹൗസിൽ എത്തിയപ്പോൾ മുഴങ്ങിയ ആരവം വ്യക്തിയധിഷ്ഠിത രാഷ്ട്രീയം നെഞ്ചിലേറ്റുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ സ്വഭാവവും സംസ്കാരവും വ്യക്തമാക്കുന്നതായി. തല്ക്കാലം അണ്ണാ ഡിഎംകെയിൽ ഒരു കലാപമോ ഭിന്നതയോ കേന്ദ്രം ആഗ്രഹിക്കുന്നില്ല. അതിനാലാണ് ജയലളിതയുടെ അന്ത്യയാത്ര തുടങ്ങും മുമ്പ് പനീർശെൽവം സ്ഥാനമേറ്റെടുക്കാനുള്ള ചടുല നീക്കത്തിന് കേന്ദ്രം തന്നെ മുൻകൈയ്യെടുത്തത്. 

പുതിയ മുഖ്യമന്ത്രിയുടെ തീരുമാനം വൈകരുതെന്ന് പ്രധാനമന്ത്രിയുടെ സന്ദേശം വെങ്കയ്യനായിഡു ഇന്നലെ അണ്ണാ ഡിഎംകെയ്ക്ക് കൈമാറിയിരുന്നു. ഇന്നത്തെ കാഴ്ചകൾ പരിശോധിച്ചാൽ ശശികല പാർട്ടിയിലെ പിന്നണിയിൽ ശ്രദ്ധാ കേന്ദ്രമാകും എന്നുറപ്പാണ്. പോയ്സ് ഗാർഡനിലിരുന്ന് നിർദ്ദേശങ്ങൾ നല്കുന്നത് ശശികല ആയിരിക്കും ശശികലയുമായി ഇന്നലെ തന്നെ ആശയവിനിമയത്തിന്‍റെ ചാലുകൾ ബിജെപി തുറന്നു കഴിഞ്ഞു. എന്നാൽ ശശികല അവസാന വാക്കാകുന്നതിനോട് യോജിക്കാത്ത നേതാക്കളുണ്ട് അണ്ണാ ഡിഎംകെയിൽ. 

ഇന്നലെ ചിലർ ഇത് പ്രകടമാക്കി. മുന്നിൽ നിറുത്തുന്ന പനീർശെൽവം ഉൾപ്പടെ ആർക്കും ജയലളിതയുടെ വ്യക്തിപ്രഭാവത്തിൽ അതിനാൽ ജയയില്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് കേന്ദ്രത്തിലുള്ള ആശ്രയത്വം കൂടും. ബിജെപിക്ക് ഒറ്റയ്ക്കു വളരാൻ ഒരു പ്രാദേശിക നേതാവിന്‍റെ അഭാവം തടസ്സമാണ്. ഇപ്പോൾ അണ്ണാ ഡിഎംകെയെ പിണക്കാതെ നിറുത്തുകയും പിന്നീട് രാഷ്ട്രീയ സാധ്യതകൾ പ്രയോജനപ്പെടുത്താനുമാകും മോദിയുടെ നീക്കം. 

മായാവതി, മമത, നിതീഷ് കുമാർ, നവീൻ പട്നായിക്, ജയലളിത ഇതുവരെ ഈ നേതാക്കളിൽ കറങ്ങി അഞ്ചു പാർട്ടികളിൽ ഒരെണ്ണത്തിന്റ ഭാവി അനിശ്ചിതത്വത്തിലാകുന്നു. തമിഴ്നാട് രാഷ്ട്രീയം എങ്ങനെ തിരിയും എന്നതറിയാൻ കാത്തിരിക്കാം. ഒപ്പം ഇന്ത്യയുടെ പ്രാദേശിക രാഷ്ട്രീയ ചരിത്രത്തിലും മാറ്റങ്ങൾക്ക് തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ ശൂന്യത വഴിവച്ചേക്കാം.