കാബൂള്‍: ഭര്‍ത്താവിന് ഒപ്പമല്ലാതെ നഗരത്തില്‍ പ്രവേശിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്ത യുവതിയുടെ തല മതഭീകരവാദികള്‍ വെട്ടിയതായി റിപ്പോര്‍ട്ട്.  ഡെയ്ലി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ പ്രദേശമായ സാര്‍ ഇ പോള്‍ പ്രവിശയയിലെ ലാത്തി ഗ്രാമത്തിലെ ഒരു 30 കാരിയാണ് കൊല്ലപ്പെട്ടത്.

 ഭര്‍ത്താവ് ഇറാനിലായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് തനിച്ച് നഗരത്തില്‍ പോകേണ്ടി വന്നതെന്നും അതിന് ഇവരുടെ തല വെട്ടിയെന്നുമാണ് പ്രവിശ്യയിലെ ഗവര്‍ണര്‍ പറയുന്നത്. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന താലിബാന്‍ അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ സ്ത്രീകള്‍ വീടുവിട്ട് വെളിയില്‍ വരരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസവും ജോലി ചെയ്യുന്നതും നിരോധിച്ചിട്ടുള്ള താലിബാന്‍ സ്ത്രീള്‍ ബൂര്‍ഖ ധരിച്ചേ പുറത്തിറങ്ങാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആരോപണം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്. 

ഈ മാസം ആദ്യം വിമാനത്താവളത്തിലെ ജീവനക്കാരായ അഞ്ചു സ്ത്രീകളെ ജോലിക്ക് പോകുമ്പോള്‍ ആയുധധാരികളായ ചില അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ സംഭവമാണ് ഇത്.  ബോംബ് ആക്രമണങ്ങള്‍, ദുരഭിമാന കൊല, ഗാര്‍ഹിക പീഡനം തുടങ്ങി  15 വര്‍ഷമായി താലിബാന്‍ ഭരണകൂടത്തിലെ പതിവ് കാഴ്ചയാണ്.